കോഴിക്കോട്.സംസ്ഥാന വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി നല്കിയ ഉറപ്പ് കാറ്റില്‍ പറത്തി മുസ്ലിം ഇതര വിഭാഗങ്ങളില്‍ നിന്ന് നിയമനം തുടങ്ങി. ദേവസ്വത്തില്‍ ജീവനക്കാരായി ഹിന്ദുക്കളെ മാത്രം നിയമിക്കുന്നതുപോലെ വഖഫ് ബോര്‍ഡ് ജീവനക്കാരനായി ഇന്നേവരെ മുസ്ലിംകളെ മാത്രമാണ് നിയമിച്ചിരുന്നത്. ഫയലുകളോ നയപരമായ ഇടപെടലുകളോ കൈകാര്യം ചെയ്യേണ്ടാത്ത സ്വീപ്പര്‍മാരെ താല്ക്കാലികാടിസ്ഥാനത്തില് കുടുംബശ്രീ വഴി ജോലിക്കെടുക്കുന്നതു മാത്രമാണ് ഇതിന് അപവാദം. ഈ കീഴ് വഴക്കം മറികടന്നാണ് ഇതര മതവിഭാഗക്കാരെ വഖഫ് ബോര്‍ഡില്‍ നിയമിക്കുന്നത് തുടങ്ങിയത്. സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പുതുതായി നിയമിതനായ വി.എസ് സക്കീര്‍ ഹുസൈന്റെ പേഴ്സണല്‍ അസിസ്റ്റന്റായി തൃശൂര്‍ എല്‍തുരുത്ത് ആലപ്പാട്ട് എ.പി സാല്‍മോനെ നിയമിക്കാനാണ് ചെയര്മാന് ടി.കെ ഹംസ അനുമതി നല്‍കിയത്. മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എം ജമാലിന്റെ സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്ന പി.ആര് നൗഫലിനെ ഒഴിവാക്കിയ ഉത്തരവിലാണ് പുതിയ നിയമനം നടത്തിയത്
