ഉത്തർപ്രദേശിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ . പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് യുപി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏകീകൃത സിവിൽകോഡിൽ കേന്ദ്രീകരിക്കണമെന്ന് പാർട്ടി ഉന്നതർക്ക് അമിത് ഷാ നിർദേശം നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയായിരിക്കണം. യുപിയിൽ ബിജെപി സർക്കാർ യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ പോകുന്നു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും മൗര്യ പറഞ്ഞു. ‘സബ്‌കാ സാത്ത്, സബ്‌കാ വികാസ്’ എന്ന നയത്തിന്റെ ഭാഗമായി എല്ലാ സർക്കാർ പദ്ധതികളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരേപോലെ ലഭിക്കുമെങ്കിൽ നിയമങ്ങളും ഏകീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിന് പകരം പ്രീണന രാഷ്ട്രീയം പിന്തുടരാനാണ് ബിജെപി ഇതര പാർട്ടികൾ ശ്രമിക്കുന്നതെന്നും ഉപമുഖ്യമന്ത്രി ആരോപിച്ചു.
പ്രതിപക്ഷം അതിനെ പിന്തുണയ്ക്കുകയാണെങ്കിൽ സന്തോഷം. അല്ലെങ്കിൽ പ്രതിപക്ഷത്തെ അവഗണിച്ച് നടപ്പാക്കും. പ്രതിപക്ഷം സർക്കാരിനെ പിന്തുണച്ചില്ലെങ്കിലും ആർട്ടിക്കിൾ 370 അസാധുവാക്കി. യൂണിഫോം കോഡ് അതേ രീതിയിൽ തന്നെ നടപ്പാക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു
You must log in to post a comment.