The ban on Media One may be stayed by the Supreme Court until further notice;

മീഡിയ വൺ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു അടുത്ത ഉത്തരവ്​ വരെ പ്രവർത്തനം തുടരാം;

ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവച്ച ഹൈകോടതി വിധിക്ക് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ. അടുത്ത ഉത്തരവ്​ വരെ പ്രവർത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രീംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കിയതായി ഞങ്ങൾ വിധിക്കുന്നു. ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനു മുമ്പുള്ള അതേ അടിസ്ഥാനത്തിൽ പ്രവർത്തനം നടത്താം.’ – കോടതി വ്യക്തമാക്കി. ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ‘ഫയലുകൾ പുറത്തു വിടണം. ഹരജിക്കാർക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാനാകില്ല.’ – ബെഞ്ച് പറഞ്ഞു.

ഹരജി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്നും ഇടക്കാല ഉത്തരവു വേണമെന്നുമാണ് ഹരജിക്കാർക്കു വേണ്ടി ഹാരജായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് പുറമേ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുമുൾപ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വാദങ്ങൾ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറുന്ന പ്രവണതയെ മറ്റൊരു കേസിൽ എതിർത്ത് ചീഫ് ജസ്റ്റിസ് എൻ.വി. രമണ രംഗത്തെത്തിയത് ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി.

’11 വർഷത്തെ ഉത്തരവാദിത്തപരമായ മാധ്യമപ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് വിലക്കെന്ന് പറയുന്നു. ലൈസൻസിനായി മേയിൽ തന്നെ അപേക്ഷ നൽകിയിട്ടുണ്ട്. ജനുവരിയിലാണ് സുരക്ഷാ കാരണം പറഞ്ഞു വിലക്കുന്നത്. മുദ്രവെച്ച കവറാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. മുദ്രവെച്ച കവറുമായി വരേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ട്.’ – ദവെ ചൂണ്ടിക്കാട്ടി.

മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച കേരള ഹൈകോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിക്ക് പുറമെ കേരള പത്രപ്രവർത്തക യൂനിയനുവേണ്ടി ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാർക്കുവേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

മീഡിയവൺ ചാനൽ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ നൽകിയ ഹരജിയിൽ പറയുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനൽ ഉടമകളെയും ജീവനക്കാരെയും കേൾക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹരജികളിൽ പറയുന്നു.

ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയത്.

Leave a Reply