𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ബോട്ടിനു രജിസ്ട്രേഷനില്ല, ഓടിച്ച സ്രാങ്കിന് ലൈസൻസും:നടപടികൾ പൂർത്തിയാകും മുൻപ് സർവീസ്, 16–ാം ദിനം ദുരന്തംതാനൂർ (മലപ്പുറം): താനൂർ ബോട്ട് അപകടത്തെ Thanoor boat accidentഅനാസ്ഥ കൊണ്ട് വിളിച്ചു വരുത്തിയ ദുരന്തം എന്നുതന്നെയെ വിശേഷിപ്പിക്കാനാകൂ. വിനോദയാത്രാ ബോട്ട് മറിഞ്ഞുള്ള അപകടത്തിൽ 22 പേരാണു മരിച്ചത്. മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ഫൈബർ വള്ളമാണ് 20,000 രൂപയ്ക്കു വാങ്ങി രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടാക്കിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപാധികൾ എല്ലാവർക്കുമുണ്ടായിരുന്നില്ലെന്നു തുറമുഖ വകുപ്പ് റിപ്പോർട്ട് ചെയ്തു.

അപകടത്തിൽപെട്ട ബോട്ടിനു റജിസ്ട്രേഷനോ ബോട്ട് ഓടിച്ച സ്രാങ്കിനു ലൈസൻസോ ഇല്ല. സർവേ നടപടികൾ പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഫയൽ നമ്പർ റജിസ്ട്രേഷൻ നമ്പറായി എഴുതിച്ചേർത്ത് ബോട്ട് ഉടമ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നു തെളിഞ്ഞു. ഉദ്യോഗസ്ഥർ ഇതിനു കൂട്ടുനിന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്.

മാർച്ച് 23നു കുസാറ്റ് ഷിപ് ടെക്നോളജി വിഭാഗം ബോട്ടിനു സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകി. പിന്നാലെ ആലപ്പുഴ പോർട്ട് ചീഫ് സർവേയറുടെ പരിശോധനയ്ക്കുശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിച്ചു. എന്നാൽ, തുറമുഖ വകുപ്പിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപ് ഏപ്രിൽ 22നു സർവീസ് തുടങ്ങി. ഇതിന്റെ 16–ാം ദിവസമാണു ദുരന്തം സംഭവിച്ചത്. ബോട്ടിന്റെ സ്റ്റെബിലിറ്റി റിപ്പോർട്ട് പുനഃപരിശോധിക്കാനാണു സാധ്യത.

അന്വേഷണ സമിതിയിൽ സാങ്കേതിക വിദഗ്ധരുമുണ്ടാകുമെന്നു മരിച്ചവരുടെ വീടുകൾ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. മലപ്പുറം എസ്പി എസ്.സുജിത് ദാസ് മേൽനോട്ടം വഹിക്കും.

ഒളിവിൽപോയിരുന്ന ബോട്ടുടമ താനൂർ സ്വദേശി നാസറിനെ കോഴിക്കോട്ടുനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു ജാമ്യമില്ലാ വകുപ്പുകൾപ്രകാരമാണു കേസ്. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക്#srank ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. മുൻദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ മത്സ്യത്തൊഴിലാളികൾ പുറത്തുവിട്ടിട്ടുണ്ട്.

പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽതീരത്തിനു സമീപം പൂരപ്പുഴയിൽ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ബോട്ട് മുങ്ങിയത്. രാത്രി പന്ത്രണ്ടരയോടെ അവസാന മൃതദേഹവും കണ്ടെത്തി. പരുക്കേറ്റ് ആശുപത്രികളിലുള്ള 10 പേരും അപകടനില തരണം ചെയ്തു. 5 പേർ നീന്തിരക്ഷപ്പെട്ടിരുന്നു.

രാവിലെ 10 മണിയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. എല്ലാവരുടെയും സംസ്കാരം നടത്തി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും റിപ്പോർട്ട് തേടി.