𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനുളള ഉത്തരവ്, യു പി സര്‍ക്കാരിനെതിരെ വിമര്‍നവുമായി സുപ്രിംകോടതി;

വെബ് ഡസ്ക് :-പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് സൂചിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറത്തിയ ഉത്തരവിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സുപ്രിംകോടതി. ഉത്തരവ് നിമയവിരുദ്ധമാണെന്നും എത്രയും വേഗം പിന്‍വലിക്കണമെന്നും സുപ്രിംകോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഈ മാസം 18നുള്ളില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഉത്തരവ് റദ്ദാക്കുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി.


ഇത് സര്‍ക്കാരിനുള്ള അവസാന അവസരമാണെന്നും സുപ്രിംകോടതി താക്കീത് നല്‍കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടെന്നും ഈ നഷ്ടം പ്രക്ഷോഭകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഈടാക്കുമെന്നും സൂചിപ്പിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുന്നത്. ഇതിനെതിരെ പര്‍വൈസ് ആരിഫ് ടിറ്റുവാണ് സുപ്രിംകോടതിയെ സമീപിച്ചത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കാത്തവര്‍ക്കും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയവര്‍ക്കുമടക്കം സര്‍ക്കാര്‍ കണ്ടുകെട്ടല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ബോധപൂര്‍വം ചെയ്യുന്നതാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.നിയമ വിധേയമല്ലാതെ സര്‍ക്കാരിന് കണ്ടുകെട്ടല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസുകളില്‍ 833 പേര്‍ പ്രതികളായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനായി 274 നോട്ടീസുകള്‍ അയച്ചിട്ടുണ്ടെന്നും 236 നോട്ടീസുകളില്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. നിരവധി വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. ഉത്തര്‍പ്രദേശിലെ സംഭലില്‍ പ്രതിഷേധക്കാര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസിന് തീയിട്ടിരുന്നു. ഗതാഗതം തടസപ്പെടുത്തി പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു