വരുന്ന 50 കൊല്ലത്തേക്കെങ്കിലും കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരില്ലെന്ന് തീര്‍ത്ത് പറഞ്ഞത് ബിജെപി മുന്‍ എംഎല്‍എ ഒ രാജഗോപാലാണ്
വെബ് ഡസ്ക് :-പോലീസിനും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. സമീപകാലങ്ങളില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ പക്ഷപാതപരമായ ഇടപെടലുകള്‍ അക്കമിട്ട് നിരത്തിയാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. പോലിസില്‍ അതിവേഗം ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണോ അതല്ല നിക്ഷിപ്ത താല്‍പര്യക്കാരാണോ എന്ന ചോദ്യമുയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്ന് ‘പോലിസില്‍ നടപ്പാക്കുന്നത് ആരുടെ അജന്‍ഡ ?’ എന്ന തലക്കെട്ടിലെ മുഖപ്രസംഗം പറയുന്നു.
അതിന്റെ വ്യക്തമായ മറുപടി നടപടികളിലൂടെ നല്‍കാന്‍ പിണറായി വിജയന് സാധിക്കുന്നില്ലെന്നാണ് ദിനംപ്രതി പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി മുഹമ്മദ് റിയാസും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിപിഎം ജില്ലാ സമ്മേളനങ്ങളും പോലിസിന്റെ വീഴ്ചകള്‍ സമ്മതിച്ചിട്ടും സേനയില്‍നിന്നുണ്ടാവുന്ന അതിക്രമങ്ങള്‍ ശമനമില്ലാതെ തുടരുകയാണ്. കെ റെയില്‍ പദ്ധതിയില്‍ ഉറച്ച നിലപാടുമായി മുന്നോട്ടുപോവുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് പോലിസിന്റെ ഇരട്ടത്താപ്പുകള്‍ക്കെതിരേ ഉറച്ച നിലപാട് എടുക്കാന്‍ കഴിയാതെ പോവുന്നത്?- മുഖപ്രസംഗം ചോദിക്കുന്നു.
സമൂഹമാധ്യമങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ വിദ്വേഷം പരത്തുന്ന പരാമര്‍ശങ്ങള്‍ നിത്യേനയെന്നോണം തുരുതുരാ വന്നുകൊണ്ടിരുന്നിട്ടും പൊലിസ് ഒരു നടപടിയുമെടുക്കുന്നില്ല. ഇതിനെതിരേ പ്രതികരിക്കുന്നവര്‍ക്കെതിരേ മുറയ്ക്ക് കേസെടുക്കുന്നു. സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേ തിരൂരങ്ങാടി പോലിസ് കള്ളക്കേസെടുത്തു. മലപ്പുറം ജില്ലയിലെ വെന്നിയൂര്‍ പൂക്കിപ്പറമ്പില്‍ തെന്നല മുസ്‌ലിം കോ- ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സംരക്ഷണ സമ്മേളനത്തില്‍ പ്രസംഗിച്ചതിനാണ് കേസ്. കൊവിഡ് പ്രോട്ടോക്കോളെല്ലാം പാലിച്ചാണ് സമ്മേളനം നടന്നത്.
എന്നിട്ടും പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്തത് ആരുടെ നിര്‍ദേശപ്രകാരമാണ്. സംഘപരിവാരിന്റെ വംശീയ വിദ്വേഷ നയങ്ങള്‍ക്കെതിരേ ഫേസ്ബുക്കില്‍ വിമര്‍ശനം നടത്തിയ, ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളിയുടെ ഫോണടക്കമുള്ള സാധനങ്ങള്‍ കേരള പൊലിസ് ശുഷ്‌കാന്തിയോടെ പിടിച്ചെടുക്കുകയും ചെയ്തത് ദിവസങ്ങള്‍ക്കു മുമ്പാണ്. സമാന അനുഭവങ്ങള്‍ ദിനംപ്രതി നിരവധി പേര്‍ക്കാണുണ്ടാവുന്നത്. പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെടെയുള്ള സംഘപരിവാറുകാര്‍ മുസ്‌ലിംകള്‍ക്കെതിരേ നിത്യേന പ്രകോപനപരമായ കുറിപ്പുകളാണ് ഫേസ്ബുക്കില്‍ ഇട്ടുകൊണ്ടിരിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരേ പോലിസ് ഒരു പെറ്റി കേസുപോലും ചാര്‍ജ് ചെയ്തതായി അറിവില്ല.
ആര്‍എസ്എസ്സിനെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ചതിനാല്‍ പലരെയും അറസ്റ്റ് ചെയ്ത സംഭവവും കേരളത്തിലുണ്ടായത് സംസ്ഥാന പോലിസിന്റെ പോക്കിലെ ഭീതിപ്പെടുത്തുന്ന സഞ്ചാരത്തെയാണ് അറിയിക്കുന്നത്- മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. പോലിസ് തലപ്പത്ത് എടുക്കുന്ന തീരുമാനങ്ങള്‍ എങ്ങനെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരേ പ്രയോഗിക്കാമെന്ന് ഗവേഷണം നടത്തി നടപ്പാക്കുന്ന ഒരുവിഭാഗം പോലിസില്‍ തഴച്ചുവളരുന്നു.
വരുന്ന 50 കൊല്ലത്തേക്കെങ്കിലും കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരില്ലെന്ന് തീര്‍ത്ത് പറഞ്ഞത് ബിജെപി മുന്‍ എംഎല്‍എ ഒ രാജഗോപാലാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളിലൂടെ സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന ബോധ്യത്തില്‍ നിന്നായിരിക്കണം എതിര്‍പ്പുകളുണ്ടായിട്ടും പോലിസില്‍ ആര്‍എസ്എസ് അജണ്ട അതിവേഗത്തില്‍ നടപ്പായിക്കൊണ്ടിരിക്കുന്നതെന്ന് മുഖപ്രസംഗം അടിവരയിടുന്നു.