വെബ് ഡസ്ക് :-ഹയർ സെക്കണ്ടറി പ്രവേശനത്തിന് ഇക്കുറി മത്സരം എ പ്ലസുകാർ തമ്മിലാവും. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി കുട്ടികളാണ് മുഴുവൻ എ പ്ലസ് നേടി ഉപരിപഠനസാധ്യത തേടുന്നത്. കഴിഞ്ഞവർഷം 41,906 പേർക്കാണ് മുഴുവൻ എ പ്ലസ് ലഭിച്ചതെങ്കിൽ ഇക്കുറി 1,21,318 ആയി. ഇഷ്ടസ്കൂളും കോമ്പിനേഷനും ലഭിക്കണമെങ്കിൽ പ്രവേശനത്തിനുള്ള മറ്റു മാനദണ്ഡങ്ങൾ ഏറെ പ്രസക്തമാകും.
ഇക്കുറി സീറ്റ് വർധന ആവശ്യമായി വരില്ലെന്നാണു കരുതുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 2551 കുട്ടികൾമാത്രമാണ് അധികമായി വിജയിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം ഒഴിഞ്ഞുകിടന്ന സീറ്റുകൾ പരിഗണിക്കുമ്പോൾ ജില്ലാടിസ്ഥാനത്തിൽ അനുവദിച്ചിരുന്ന ചെറിയ വർധനയും ഒഴിവാക്കാനായേക്കുമെന്ന് അധ്യാപകർ പറയുന്നു.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് ഇഷ്ടമുള്ള സ്കൂളിൽ ഇഷ്ടമുള്ള കോമ്പിനേഷനിൽ പ്രവേശനം നൽകാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സ്കൂൾഅടിസ്ഥാനത്തിൽ സീറ്റുവർധന നടപ്പാക്കിയിരുന്നു. എന്നാൽ, എ പ്ലസുകാരുടെ എണ്ണം കൂടുതലായതിനാൽ അത്തരം വർധന പ്രായോഗികമാവില്ലെന്നാണു കരുതുന്നത്.
കഴിഞ്ഞവർഷം 37,000-ഓളം കുട്ടികൾ സി.ബി.എസ്.ഇ.യിൽനിന്നും 3300-ഓളം കുട്ടികൾ ഐ.സി.എസ്.ഇ.യിൽനിന്നും സംസ്ഥാന സിലബസിലേക്ക് എത്തിയിരുന്നു. ഇക്കുറി അവർക്ക് പരീക്ഷ നടക്കാത്തതിനാൽ പ്രവേശനത്തിനു സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ ആലോചിച്ചുവരുന്നതേയുള്ളൂ. കഴിഞ്ഞവർഷങ്ങളിൽ ആദ്യ അലോട്ട്മെന്റുകൾ സംസ്ഥാന സിലബസുകാർക്കായി നീക്കിെവക്കുകയും അവശേഷിച്ച സീറ്റുകളിൽ ഇതര സിലബസുകാരെ പരിഗണിക്കുകയുമാണു ചെയ്തത്.
4,19,651 കുട്ടികളാണ് ഇക്കുറി സംസ്ഥാന സിലബസിൽ പത്താംക്ലാസ് വിജയിച്ചത്. പ്ലസ് വണിന് ഒരു ബാച്ചിൽ 50 കുട്ടികൾ വീതം 3,61,746 സീറ്റുകളാണുള്ളത്. പത്തുശതമാനം മാർജിനൽ വർധന അനുവദിച്ചാൽ ഇത് 3,98,585 ആവും. വി.എച്ച്.എസ്.ഇ.യിൽ 27,500 സീറ്റും ഐ.ടി.ഐ., ഐ.ടി.സി.കളിലായി 27,000 സീറ്റുകളും പോളിടെക്നിക്കുകളിൽ 22,000 സീറ്റുകളുമുണ്ട്.