𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.

പാരീസ്:-പെഗാസസ് ഫോൺ ചോർത്തലിൽ ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തുന്നതിന് മൊറോക്കോ ഇന്റലിജൻസ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോർട്ടിലാണ് അന്വേഷണം.

ഫ്രാൻസിലെ ദിനപ്പത്രമായ ലെ മോണ്ടെ അടക്കം 17 മാധ്യമസ്ഥാപനങ്ങൾ ചേർന്നാണ് ഇത്തരത്തിൽ ഒരു അന്വേഷണം നടത്തുകയും ഫോൺ ചോർത്തലിന്റെ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രോസിക്യൂട്ടർമാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.മൊറോക്കോ ഇന്റലിജൻസ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോർട്ട് മൊറോക്കോ നിഷേധിച്ചിട്ടുണ്ട്. തിങ്കളാഴ്ച അന്വേഷണ വെബ്സൈറ്റായ മീഡിയപാർട്ട് പരാതി രജിസ്റ്റർ ചെയ്തിരുന്നു. ഫോൺ ചോർത്തപ്പെട്ട മാധ്യമപ്രവർത്തകരിൽ മീഡിയാ പാർട്ടിന്റെ സ്ഥാപകനായ എഡ്വി പ്ലെനലിന്റെ നമ്പറും ഉൾപ്പെട്ടതായി മീഡിയാപാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ ലാബിൽ പരിശോധിച്ച വിവിധരാജ്യങ്ങളിൽനിന്നുള്ള 37 ഫോണുകളിൽ 10 എണ്ണം ഇന്ത്യയിലെ ഫോണുകളായിരുന്നു.ഇതിലൂടെയാണ് ചോർത്തൽ സ്ഥിരീകരിക്കുന്നത്. ആർക്കുവേണ്ടിയാണ് ചോർത്തൽ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുൾപ്പെടെ 10 രാജ്യങ്ങൾ ഈ സോഫ്റ്റ്വേർ വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് വെളിപ്പെടുത്തൽ നടത്തിയ മാധ്യമ കൂട്ടായ്മ പറയുന്നു.