𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ചിലർ ഹിജാബിനുവേണ്ടി നിലകൊള്ളുന്നു, ചിലർ ക്ഷേത്രത്തിൽ മുണ്ട്‌ ധരിച്ചുകയറണമെന്ന് വാദിക്കുന്നു. എന്തുസന്ദേശമാണ് നിങ്ങൾ നൽകാൻ ശ്രമിക്കുന്നത്, ഇത് ഒരൊറ്റരാജ്യമാണോ? മദ്രാസ് ഹൈകോടതി;

ചെന്നൈ: രാജ്യത്തെ മതവിശ്വാസികൾക്കിടയിൽ അസ്വാരസ്യം വളർത്താൻ ചിലർ നടത്തുന്ന ശ്രമങ്ങളിൽ മദ്രാസ് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. മതമാണോ രാജ്യമാണോ പരമപ്രധാനമെന്ന് കോടതി ആരാഞ്ഞു.

ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കണമെന്നും ദർശനത്തിനെത്തുന്നവർ സനാതനധർമം അനുശാസിക്കുന്നരീതിയിൽ വസ്ത്രം ധരിക്കണമെന്ന് നിഷ്കർഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളുടെ വാദത്തിനിടെയാണ് കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചത്.‘‘ചിലർ ഹിജാബിനുവേണ്ടി നിലകൊള്ളുന്നു, ചിലർ ക്ഷേത്രത്തിൽ മുണ്ട്‌ ധരിച്ചുകയറണമെന്ന് വാദിക്കുന്നു. എന്തുസന്ദേശമാണ് നിങ്ങൾ നൽകാൻ ശ്രമിക്കുന്നത്. ഇത് ഒരൊറ്റരാജ്യമാണോ? അതോ മതത്തിന്റെ പേരിൽ വിഭജിച്ചുനിൽക്കുന്ന രാജ്യമാണോ?’’ -ആക്ടിങ് ചീഫ് ജസ്റ്റിസ് എം.എൻ. ഭണ്ഡാരിയും ജസ്റ്റിസ് ഡി. ഭാരത ചക്രവർത്തിയുമടങ്ങുന്ന ബെഞ്ച് ചോദിച്ചു. ഇന്ത്യ മതേതരരാജ്യമാണെന്ന് കോടതി ഓർമിപ്പിച്ചു.ക്ഷേത്രദർശനത്തിന് ആചാരാനുഷ്ഠാനങ്ങളനുസരിച്ചുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ശ്രീരംഗം സ്വദേശി രംഗരാജൻ നരസിംഹമാണ് ഹൈക്കോടതിയെ സമീപിച്ചത്. അഹിന്ദുക്കളും വിദേശികളും വിനോദസഞ്ചാരികളായെത്തുന്നത് ക്ഷേത്രചൈതന്യം കെടുത്തുന്നുവെന്നും ക്ഷേത്രദർശനത്തിനെത്തുന്ന വിശ്വാസികൾ ആഗമശാസ്ത്രത്തിൽ നിഷ്കർഷിച്ചരീതിയിൽ വസ്ത്രം ധരിക്കേണ്ടതാണെന്നും ഹർജിക്കാരൻ വാദിച്ചു. ക്ഷേത്രപരിസരത്ത് വ്യാപാരം വിലക്കണമെന്നും ക്ഷേത്രത്തിൽ സർക്കാരിന്റെയും രാഷ്ട്രീയകക്ഷികളുടെയും ചടങ്ങുകൾ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഹർജികളും രംഗരാജൻ സമർപ്പിച്ചിരുന്നു.

ഓരോ ക്ഷേത്രത്തിലും ആചാരാനുഷ്ഠാനങ്ങൾ വ്യത്യസ്തമാണെന്നും അതനുസരിച്ചാണ് ആളുകളെ പ്രവേശിപ്പിക്കുന്നതെന്നും തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ ആർ. ഷൺമുഖസുന്ദരം കോടതിയെ അറിയിച്ചു. കേരളത്തിലെ ചിലക്ഷേത്രങ്ങളിൽ പ്രത്യേക വസ്ത്രധാരണം നിഷ്കർഷിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ ഇത്തരമൊരു ചട്ടം കൊണ്ടുവന്നുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ ഏകാംഗബെഞ്ച് 2015-ൽ വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് അത് റദ്ദാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ക്ഷേത്രത്തിലെ കൊടിമരം വരെ മാത്രമേ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറുള്ളൂവെന്നും ശ്രീകോവിനടുത്തേക്ക് കയറ്റാറില്ലെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.സർക്കാരിന്റെയും രാഷ്ട്രീയകക്ഷികളുടെയും ചടങ്ങുകൾക്ക് ക്ഷേത്രം ഉപയോഗിക്കുന്നത് വിലക്കണമെന്നും ക്ഷേത്രപരിസരത്ത് വ്യാപാരം വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തള്ളി.