സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്കാലം അനുമതിയില്ല; കേരളം നല്‍കിയ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം

സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്കാലം അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. കേരളം സമര്‍പ്പിച്ച ഡി പി ആര്‍ അപൂര്‍ണമാണെന്നത് അടക്കമുള്ള കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചത്. പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമാണോയെന്ന് ഡി പി ആറില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സാമൂഹിക ആഘാതപഠനവും പരിസ്ഥിതി ആഘാതപഠനവും നടത്താതെ സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി പി ആര്‍ പുറത്തിറക്കിയതിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഡാറ്റ തിരിമറി നടത്തി ജപ്പാനിലെ ജൈക്കയില്‍ നിന്നും ചരടുകളോടെ വായ്പ വാങ്ങാന്‍ മാത്രമായി തട്ടിക്കൂട്ടിയ ഡിപിആറാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന. കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്നായിരുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞത്.

[quads id=RndAds]

സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി റിപ്പോര്‍ട്ടില്ലെന്നും കേന്ദ്രം എം പിമാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പരിസ്ഥിതിആഘാത പഠനം നടന്നിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തില്‍ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പദ്ധതിക്ക് ഏതെങ്കിലും വിധത്തിലുള്ള കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് എം പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനോട് രേഖാമൂലം ആരായുകയായിരുന്നു. നിലവില്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് തന്നെയാണ് ഇപ്പോള്‍ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇല്ലാത്ത പദ്ധതിക്കായി കല്ലിട്ടതിന് സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് മറുപടി ലഭിച്ച ശേഷം കെ മുരളീധരന്‍ എം പി പ്രതികരിച്ചു.
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,