𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

നിലപാട് വ്യക്തമാക്കി ശിവസേന,കോണ്‍ഗ്രസ് ഇല്ലാതെ ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യം പൂര്‍ണമാകില്ല.


മുംബൈ: കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉള്‍പ്പെടുത്താതെ ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യം പൂര്‍ണമാകില്ലെന്ന് ശിവസേന . പ്രതിപക്ഷ സഖ്യത്തിനായുള്ള ശ്രമം തുടരുകയാണ് . ശക്തമായ ഒരു ബദല്‍ രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന് നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് വെളിപ്പെടുത്തി .
കോണ്‍ഗ്രസ് ഒഴികെ എട്ട് പ്രതിപക്ഷ കക്ഷികള്‍ എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായ സാഹചര്യത്തിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസില്ലാത്ത ഒരു മൂന്നാംമുന്നണിയുടെ ആവശ്യമല്ല ഇപ്പോഴുള്ളതെന്ന് റാവുത്ത് പറഞ്ഞു . ശരദ് പവാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു .
‘സാമ്‌ന ‘യില്‍ എഡിറ്റോറിയലിലൂടെ ശിവസേനയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണ് .
സഖ്യത്തില്‍ കോണ്‍ഗ്രസിന് നിര്‍ണായക പങ്കുണ്ട്. ശക്തമായ ബദലാവാനാണ് ശ്രമം. എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒന്നിപ്പിക്കാനാണ് ശ്രമം തുടരുന്നത്. കോണ്‍ഗ്രസ് അതിലേക്കെത്താതെ സഖ്യം പൂര്‍ണമാകില്ല -സഞ്ജയ് റാവുത്ത് വ്യക്തമാക്കി.
ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലാണ് എട്ട് പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. ആം ആദ്മി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, ആര്‍.എല്‍.ഡി, എസ്.പി, സി.പി.ഐ, സി.പി.എം കക്ഷികള്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിനെയും ക്ഷണിച്ചുവെങ്കിലും ആരും പങ്കെടുത്തില്ലെന്നാണ് വെളിപ്പെടുത്തല്‍ .അതെ സമയം ബി.ജെ.പിക്കെതിരെ ഭാവിയില്‍ ഒരു ബദല്‍ സഖ്യം രൂപീകരിക്കണമെങ്കില്‍ കോണ്‍ഗ്രസിനെ ചേര്‍ത്തുനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ശരദ് പവാറും അഭിപ്രായപ്പെട്ടിരുന്നു .