തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ പാർട്ടി നിലപാടിന് ഭിന്നമായി അഭിപ്രായം പറയുകയും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്ത തിരുവനന്തപുരം എംപി ശശി തരൂരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല. എല്ലാ കാര്യത്തിലും സ്വന്തമായി കാഴ്ചപ്പാടും നിലപാടുമുള്ളയാളാണ് ശശി തരൂരെന്നും എന്നാൽ അദ്ദേഹം എപ്പോഴും പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനത്തിൽ ചട്ടവിരുദ്ധമായാണ് ഉന്നതവിദ്യാഭ്യാസമന്ത്രി പ്രവർത്തിച്ചതെന്നും ആർ.ബിന്ദുവിന് അധികാരത്തിൽ തുടരാൻ ധാർമ്മികമായി അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഉന്നതവിദ്യാഭ്യാസമന്ത്രിക്കെതിരെ അടുത്ത ആഴ്ച ലോകായുക്തയിൽ ഹർജി ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല ദർശനം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
തരൂരിനെതിരെ അതിരൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നതിന് പിന്നാലെയാണ് പിന്തുണച്ചുള്ള ചെന്നിത്തലയുടെ രംഗപ്രവേശം. തരൂർ എത്ര പ്രഗൽഭനായാലും കോൺഗ്രസിന് വിധേയമായി പ്രവർത്തിക്കണമെന്നും അദ്ദേഹത്തെ ഹൈക്കമാൻഡ് അച്ചടക്കം പഠിപ്പിക്കണമെന്നും മുല്ലപ്പള്ളി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തന്നെ നേരിട്ട് തരൂരിനെ കണ്ട് സംസാരിച്ചേക്കുമെന്നും സൂചനയുണ്ട്.
ചെന്നിത്തലയുടെ വാക്കുകൾ
ശബരിമല ഭക്തർക്ക് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തയ്യാറാവണം. അസൗകര്യങ്ങൾ ഒഴിവാക്കുകയും കരിമല പാതയിലൂടെ യാത്ര അനുവദിക്കുകയും ചെയ്യണം. ശബരിമല മാസ്റ്റർ പ്ലാൻ വേഗത്തിൽ നടപ്പാക്കണം. നിലവിലെ മാസ്റ്റർ പ്ലാനിലെ പദ്ധതികളുടെ നിർമ്മാണം നിലവിൽ ഇഴഞ്ഞ് നിങ്ങുകയാണ്. ദേവസ്വം ബോർഡിൻ്റെ മരാമത്ത് പണികൾ മന്ദഗതിയിലാണ് നീങ്ങുന്നത്. സർക്കാർ കൂടുതൽ സഹായം ദേവസ്വം ബോർഡിന് നൽകണം
കണ്ണൂർ സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട നേരത്തെ കൊടുത്ത ഹർജി തള്ളിയത് സാങ്കേതികമായ നടപടി മാത്രമാണ്. ഈ വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ പ്രസ്താവന പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളുടെ സാക്ഷ്യപത്രമാണ്. ഉന്നത വിദ്യഭ്യാസ മന്ത്രി ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കണ്ണൂർ വിസിയുടെ പുനർ നിയമനത്തിൽ ഇടപെട്ടത്. മന്ത്രിക്ക് അധികാരത്തിൽ ധാർമികാധികാരമില്ല. കാതലായ കാര്യത്തിൽ മന്ത്രി മറുപടി പറയുന്നില്ല. ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രി പുനർ നിയമനം അവശ്യപ്പെട്ട് ഗവർണർക്ക് കത്ത് എഴുതിയത്. ഈ വിഷയത്തിൽ അടുത്ത ആഴ്ച ലോകായുക്തയ്ക്ക് പരാതി നൽകും. ചാൻസലറും പ്രോ ചാൻസലറും തമ്മിൽ എന്ത് ഡിപ്ലോമാറ്റിക്ക് ബന്ധമാണ് ഉള്ളത്. അനർഹരായ ആളുകൾക്ക് ജോലി നൽകുന്ന കേന്ദ്രങ്ങളായി സർവ്വകലാശാലകളെ മാറ്റുന്ന നിലയാണുള്ളത്.
കെ-റെയിൽ പദ്ധതിയോടുള്ള നിലപാടിൽ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. യുഡിഎഫ് നടത്തിയ പഠനത്തിൽ പദ്ധതി അപ്രായോഗികമാണെന്ന് ബോധ്യപ്പെട്ടതാണ്. നിലവിലുള്ള റെയിൽവേ ലൈനിലൂടെ തന്നെ പദ്ധതി നടപ്പാക്കണം. പദ്ധതിയുമായി യോജിക്കാൻ യുഡിഎഫിന് കഴിയില്ല. കെ റയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ തന്നെ റിയൽ എസ്റ്റേറ്റ് കച്ചവടമാണ്. ഭൂമി ഏറ്റെടുക്കുന്നത് പണയം വച്ച് പണം കടം എടുക്കാൻ വേണ്ടി മാത്രമാണ്.
പാർട്ടിക്ക് എതിരായി ശശി തരൂർ ഒന്നും പറഞ്ഞിട്ടില്ല. ശശി തരൂരിന് സ്വന്തമായി അഭിപ്രായം ഉണ്ട്. എന്നാൽ പാർട്ടിയുടെ ചട്ടക്കൂട്ടിൽ നിൽക്കുന്ന ആളാണ് അദ്ദേഹം. പാർട്ടിയിൽ കാര്യമായ പ്രശ്നങ്ങളില്ല. അഭിപ്രായ വ്യത്യാസ്യങ്ങൾ മാത്രമാണുള്ളത്. ഇന്നലെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഒരു മണിക്കൂറിലേറെ സംസാരിച്ചു. ഉമ്മൻചാണ്ടിയുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചർച്ചയിലൂടെ എല്ലാ പ്രശ്നങ്ങൾ പരിഹരിക്കും. സുധാകരൻ്റെ സംഭാഷണം വളരെ പോസീറ്റീവായിരുന്നു. പുനസംഘടനുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം വളരെ പോസീറ്റീവായാണ് നീങ്ങുന്നത്.
You must log in to post a comment.