Skip to content

കേരളത്തിലേക്കുള്ള ലഹരി വിൽപന സംഘത്തിന്റെ മുഖ്യകണ്ണി പിടിയിൽ ഷാരൂഖ് പിടിയിൽ:

കോഴിക്കോട്: കേരളത്തിലേക്കുള്ള ലഹരി വിൽപനസംഘത്തിലെ മുഖ്യകണ്ണിയെ പിടികൂടി. ബെംഗളൂരുവിൽനിന്നു കോഴിക്കോട് സിറ്റി സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പും നല്ലളം പൊലീസും ചേർന്നു ആണ് പിടികൂടിയത്. കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ല വീട്ടിൽ ഷാരൂഖ് ഖാനെ(22)യാണ് ജില്ലാ ഡപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽനിന്ന് കസ്റ്റഡിയിലെടുത്തത്.

മോഡേൺ ബസാറിലെ ട്രൈബ്സോൾ എന്ന റെഡിമെയ്ഡ് ഷോപ്പിൽ ഒരാൾ എംഡിഎംഎ വിൽപന നടത്തുന്നുണ്ടെന്ന് നല്ലളം പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 48.80 ഗ്രാം അതിമാരക എംഡിഎംഎയും 16,000 രൂപയും കണ്ടെടുത്തെങ്കിലും പൊലീസിനെ കബളിപ്പിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ലഹരി മരുന്ന് നിയമാനുസരണം കസ്റ്റഡിയിലെടുത്ത് പ്രതിയെ അന്വേഷിച്ചെങ്കിലും പിടികൂടാൻ പൊലീസിനു സാധിച്ചില്ല.

ഒരു വർഷത്തിനുശേഷം ജില്ല പൊലീസ് മേധാവി ഡിഐജി രാജ്പാൽ മീണ ഐപിഎസിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ഷാരൂഖിനെ കുറിച്ച് രഹസ്യമായി അന്വേഷിക്കുകയും മറ്റു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു.

തുടർന്ന് ഈ മാസം നല്ലളം ഇൻസ്പെക്ടർ കെ.എ ബോസിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ബെംഗളൂരുവിലേക്കു തിരിക്കുകയായിരുന്നു. ബംഗളൂരുവിലെ ബന്ധങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി കർണാടക റജിസ്ട്രേഷൻ വാഹനം വാടകയ്ക്കെടുത്തായിരുന്നു അന്വേഷണം. ഷാരൂഖിനെ പിടികൂടുന്നതിനായി കർണാടക സ്ക്വാഡിന്റെ സഹായത്തോടെ അവിടുത്തെ മുമ്പ് ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. പ്രതി നിരന്തരമായി മാറി താമസിക്കുന്നത് പൊലീസിനു വെല്ലുവിളിയായിരുന്നു. പ്രതിയിലേക്ക് എത്തുന്നതിനു വേണ്ടി കർണാടക സ്വദേശിയടക്കം നിരവധി പേരെ കിലോമീറ്ററോളം ബെംഗളൂരു നഗരത്തിലൂടെ പിൻതുടർന്ന് പിടികൂടിയും കേരളത്തിൽനിന്നു തുടർച്ചയായി നാലു ദിവസത്തോളം രാപകലില്ലാതെ ജോലി ചെയ്തതിനും ശേഷമാണ് പ്രതിയെ ബെംഗളൂരുവിലെ ഉൾഗ്രാമത്തിലെ ആഡംബര ഫ്ലാറ്റിലെ പതിനൊന്നാം നിലയിലുള്ള മുറിയിൽനിന്നു സാഹസികമായി പിടികൂടിയത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ദേഹപരിശോധന നടത്തിയതിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച 3.5 ഗ്രാമോളം എംഡിഎംഎയും കണ്ടെടുത്തു. ഇതു കൂടാതെ മറ്റു ലഹരിമരുന്ന് കേസുകളും ഇയാൾക്കെതിരെ ഉണ്ട്.

നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിച്ച് കൊടുക്കുന്നതിനെ കുറിച്ചും ബെംഗളൂരുവിലെ എംഡിഎംഎ ‘കുക്ക്’ ചെയ്യാൻ സഹായിക്കുന്ന ആളെ കുറിച്ചും ജില്ലയിൽ ഇയാളിൽനിന്നു ലഹരിമരുന്ന് വാങ്ങുന്നവരെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കേരളത്തിൽനിന്നുള്ള രാസലഹരിക്ക് അടിമകളായ നിരവധി യുവതികൾ ഇയാളുടെ താമസസ്ഥലത്തെ നിത്യസന്ദർശകരായിരുന്നു. കർണാടകയിൽ ഇയാളെ ലഹരി മരുന്നുമായി പിടികൂടിയിരുന്നെങ്കിലും കേസ് ഒതുക്കി തീർക്കുകയായിരുന്നു.

തികച്ചും ആഡംബര ജീവിത രീതിയാണ് പ്രതിയുടേത്. ഇയാൾ പ്രീമിയം ഇനത്തിൽപ്പെട്ട ഡ്രസ്സുകളും മറ്റു വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. അഞ്ച് ലക്ഷത്തോളം രൂപ വരുന്ന ബിഎംഡബ്ല്യു ബൈക്കും മറ്റൊരു വിലകൂടിയ ബൈക്കും ഉണ്ട്. അവ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചതായും പ്രതിയുടെ ലഹരി മാഫിയ ബന്ധം കണക്കിലെടുത്ത് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഫറോക്ക് എസിപി സിദ്ധിക്ക് പറഞ്ഞു.

സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ അർജുൻ, രാകേഷ് ചൈതന്യം, നല്ലളം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശശിധരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.പി. സന്തോഷ് കുമാർ എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

shah-rukh-arrested-as-the-main-link-of-the-drug-sales-gang-to-kerala

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading