41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തിയാകുന്നു, ശബരിമലയില്‍ മണ്ഡലപൂജ ഇന്ന്;

വെബ് ഡസ്ക് :-41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ ഇന്ന് (26.12.2021) മണ്ഡല പൂജ. ഇന്ന് രാവിലെ 11.50നും ഉച്ചയ്ക്ക് 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ നടക്കുക

മണ്ഡല പൂജയ്ക്ക് ശേഷം ഉച്ചയ്ക്ക് 1.30ഓടെ നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തിയാകും. ജനുവരി 14ന് നടക്കുന്ന മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം 5 മണിയ്ക്ക് നട തുറക്കും.

മണ്ഡലപൂജയ്ക്ക് മുന്നോടിയായി ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. 73 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ശനിയാഴ്ച
ഉച്ചയ്ക്ക് 1.30ഓടെ തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തിയിരുന്നു. ദീപാരാധനയില്‍ ദര്‍ശനത്തിനായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെങ്കിലും ഇത്തവണ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതും സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചതും തീര്‍ത്ഥാടകര്‍ കൂടുതലായി ശബരിമലയിലേയ്ക്ക് എത്താന്‍ കാരണമായി.

കഴിഞ്ഞ വര്‍ഷം പ്രതിദിനം 1000 ഭക്തര്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ ദര്‍ശനത്തിന് അനുമതി ലഭിച്ചിരുന്നത്. പിന്നീട് അത് വാരാന്ത്യങ്ങളിലും മകരവിളക്കിനും 5000 ആക്കി ഉയര്‍ത്തിയിരുന്നു. ഇത്തവണ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. ഇതോടെ പോലീസിന്റെ വെര്‍ച്വല്‍ ക്യൂ വഴി ഉള്‍പ്പെടെ പ്രതിദിനം 60,000 ഭക്തരാണ് ശബരിമലയില്‍ എത്തിയത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top