തൊടുപുഴ: ഇടുക്കി എൻജിനീയറിങ് കോളജിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിലായതായി സൂചന. ബസിൽ യാത്രചെയ്യുന്നതിനിടെ ഇയാളെ പിടികൂടിയതായാണ് വിവരം. നിഖിൽ പൈലി ഉൾപ്പെടെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതുന്ന ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.നേരത്തെ, കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജെറിൻ ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

കുയിലിമലയിലെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ധീരജ് രാജേന്ദ്രനാണ് (21) ഇന്ന് കൊല്ലപ്പെട്ടത്. കണ്ണൂർ തളിപ്പറമ്പ്​ പാലക്കുളങ്ങര അദ്വൈതയിൽ രാജേന്ദ്രന്‍റെ മകനാണ്​ ധീരജ്. അഭിജിത്, അമൽ എന്നീ വിദ്യാർഥികൾക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.


Leave a Reply