𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

21 മുതൽ സ്കൂൾ പൂർണതോതിൽ, എല്ലാ കുട്ടികളും എത്തണം;

തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്. 9-ാം ക്ലാസുവരെ ആദ്യം ഉച്ചവരെയാകും ക്ലാസുകൾ ഉണ്ടാവുക. 10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ നടക്കും. ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണതോതിൽ തുറക്കും. മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം.



ഇനി മുതൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതുഅവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ക്ലാസ് ക്രമീകരിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. പ്രീ-പ്രൈമറി വിഭാഗം കുട്ടികൾക്ക് തിങ്കൾ മുതൽവെള്ളിവരെമാത്രമാകും ക്ലാസ്.



ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെ വാർഷിക പരീക്ഷ ഉണ്ടാകും.എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്‌സി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ ആരംഭിക്കും. പാഠഭാഗങ്ങൾ തീർക്കാൻ അധിക ക്ലാസുകൾ എടുക്കാം. ഇക്കാര്യത്തിൽ പ്രധാനാധ്യാപകർക്ക് തീരുമാനമെടുക്കാം.



10, പ്ലസ് ടു ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലുംപൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോർട്ട് നൽകണം. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം കർമപദ്ധതി തയാറാക്കണം. 21 മുതൽ പിടിഎ യോഗങ്ങൾ ചേരണം. ഓൺലൈൻ ക്ലാസുകൾ തുടരും. അറ്റൻഡൻസ്നിർബന്ധമാണ്. സ്കൂളിലെത്താത്ത കുട്ടികളുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.