വെബ് ഡസ്ക് :-മത പരിവര്‍ത്തനം ആരോപിച്ച് സ്‌കൂളിന് നേരെ ഹിന്ദുത്വ സംഘടനയുടെ ആക്രമണം. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. ക്രിസ്ത്യന്‍ മിഷണറിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ മത പരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചായികുന്നു നൂറോളം വരുന്ന ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ഗഞ്ച് ബസോഡ ടൗണിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെ തിങ്കളാഴ്ചയായിരുന്നു ആക്രമണം ഉണ്ടായത്.സ്‌കൂള്‍ അടിച്ച് തകര്‍ക്കുകയും കെട്ടിടത്തിന് നേരെ വ്യാപകമായ കല്ലേറും അക്രമി സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് വിദ്യാര്‍ത്ഥികളും ജീവനക്കാരും രക്ഷപ്പെട്ടത്.
എട്ട് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് മതംമാറ്റിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. സ്‌കൂള്‍ പരിസരത്ത് വലിയ ജനക്കൂട്ടം രൂപം കൊള്ളുകയും സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് പിന്നാലെ ആയിരുന്നു കല്ലേറും ആക്രമണവും ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ദൃശ്യങ്ങളിലുണ്ട്.
മലയാളിയായ ബ്രദര്‍ ആന്റണിയാണ് ആക്രമിക്കപ്പെട്ട സെന്റ് ജോസഫ് സ്‌കൂലിന്റെ മാനേജര്‍. ആക്രമണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്‌കൂളിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആക്രമണ സാധ്യത പൊലീസിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. നവ മാധ്യമങ്ങള്‍ വഴി നേരത്തെ തന്നെ സ്‌കൂളിനെതിരെ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും പോലീസ് കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്‌കൂളിനെതിരായ മതപരിവര്‍ത്തനം സംബന്ധിച്ച ആരോപണങ്ങളും ബ്രദര്‍ ആന്റണി നിഷേധിച്ചു.
എന്നാല്‍, ആരോപണവിധേയമായ മതപരിവര്‍ത്തനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രാദേശിക ബജ്‌റംഗ്ദള്‍ യൂണിറ്റ് നേതാവ് നിലേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. ഇത്തരം ആരോപണങ്ങള്‍ തെളിഞ്ഞാല്‍ സ്‌കൂള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്രമ സംഭവത്തിന് പിന്നാലെ സെന്റ് ജോസഫ് സ്‌കൂള്‍ ഉള്‍പ്പെടെ പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
You must log in to post a comment.