പള്ളികളിലെ പ്രതിഷേധം ഒഴിവാക്കിയത് വിവാദങ്ങൾ ഒഴിവാക്കാൻ,അതിന് തന്നെ ജൂദാസെന്ന് വിളിച്ചെന്ന് സമസ്ത പ്രസിഡന്റ്‌ ജിഫ്രി തങ്ങള്‍;

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധിക്കേണ്ടെന്ന് പറഞ്ഞതിന് തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ഇതിന്റെ പേരില്‍ തന്നെ ‘ജൂതാസെ’ന്ന് വരെ വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുഎഇയില്‍ എസ് കെ എസ് എസ് എഫ് മുഖപത്രമായ സത്യധാര ക്രിയേഷന്‍സ് സംഘടിപ്പിച്ച തന്‍മിയ 2021 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഫ്രി തങ്ങളുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലര്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുവാനാണ് ശ്രമിച്ചത്.

പലരും തന്നെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചു. താന്‍ ജൂതാസാണെന്ന് പറഞ്ഞു. മുമ്ബ് ശംസുല്‍ ഉലമക്ക് എതിരെയും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ ‘അണ്ടനെ’ന്നും ‘അടങ്ങോട’നെന്നുവരെ വിളിച്ചവരുണ്ട്. അതല്ലാത്ത മോശം പരാമര്‍ശങ്ങളും അദ്ദേഹത്തിനെതിരെ പ്രയോഗിച്ചു. അന്ന് ശംസുല്‍ ഉലമ പറഞ്ഞത് അവരുടെ നന്‍മകളുടെ പ്രതിഫലങ്ങളെല്ലാം നമുക്ക് ലഭിക്കുമെന്നാണ്- ജിഫ്രി തങ്ങള്‍ പറഞ്ഞു.

പള്ളികളില്‍ വഖഫ് വിഷയം സംസാരിക്കേണ്ടതില്ലെന്ന് താന്‍ പറഞ്ഞതാണ് ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞു. ആദ്യം താന്‍ ഒറ്റക്ക് പറഞ്ഞതാണ് എന്ന് പറഞ്ഞ് തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ ഒറ്റക്ക് പറഞ്ഞതല്ല. സംഘടനയുടെ സമുന്നതരായ നേതാക്കള്‍ ആശയവിനിമയം നടത്തി എടുത്ത തീരുമാനമാണ് അത്. പിന്നീട് എല്ലാവരും പറഞ്ഞു പറയേണ്ടതില്ല എന്ന്. അതിനിടക്ക് ജമഅത്തുകാരും മുജാഹിദുമെല്ലാം പള്ളിയില്‍ പറയണമെന്ന് പറഞ്ഞു. എന്നാല്‍, കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ അങ്ങനെ ഒരു തീരുമാനമുണ്ടായിട്ടില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്- ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ പള്ളികള്‍ കേന്ദ്രീകരിച്ച്‌ പ്രതിഷേധിക്കാന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ഇതിനെതിരേ ഇകെ വിഭാഗം നേതാവ് ജിഫ്രി തങ്ങള്‍ തന്നെ നേരിട്ട് രംഗത്തുവന്നു. ഇതോടെ മുസ്‌ലിം ലീഗ് നീക്കം പാളി. ഇതിന്റെ ജാള്യത മറക്കാന്‍ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലി നടത്തുകയും ആ റാലിയില്‍ ജിഫ്രി തങ്ങള്‍ക്ക് എതിരേ പരോക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.

ഇതോടൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങള്‍ വഴിയും ജിഫ്രി തങ്ങള്‍ക്ക് എതിരേ മോശം പരാമര്‍ശങ്ങളുമായി ലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് ഇ കെ അബൂബക്കര്‍ മുസ്‌ല്യാര്‍ ലീഗിനെ വിര്‍ശിച്ച കാലത്ത് അദ്ദേഹത്തിനെതിരേ മുസ്‌ലിം ലീഗ് ഉയര്‍ത്തിയ ആക്ഷേപങ്ങളും പരിഹാസങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങള്‍ എടുത്തുദ്ധരിച്ചത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top