
മോസ്കോ: റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകത്തിൻറെ പ്രവർത്തനം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ചന്ദ്രൻറെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാൻ സാധിച്ചില്ലെന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചിട്ടുള്ളത്.ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 ഓഗസ്റ്റ് 21ന് ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി.
ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യൻ പേടകം വിക്ഷേപിച്ചത്. ഇന്ധനക്ഷമതയ്ക്കായി വേറിട്ട പാത സ്വീകരിച്ച് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ രണ്ടാഴ്ച അവിടെ പഠനപരീക്ഷണങ്ങൾക്കായി ചെലവഴിച്ച ശേഷം 23നാണ് ചന്ദ്രനിലിറങ്ങുന്നത്.
1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് ലൂണ 25. യുക്രെയ്ൻ യുദ്ധത്തെ തുടർന്നു ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് ദൗത്യമെന്ന് പൊതുവെ വിലയിരുത്തലുണ്ടായിരുന്നു. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിയത്. ഇന്ത്യയുടെ ചന്ദ്രയാൻ–3 ദൗത്യത്തിനു സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങാനാണ് ലൂണയും ലക്ഷ്യമിട്ടത്. ലൂണ പേടകത്തിന് 800 കിലോയാണു ഭാരം. കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങളെല്ലാം കൂടി 31 കിലോ വരും.
You must log in to post a comment.