𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

റഷ്യൻ പട്ടാളം കീവിലെത്തി, യുക്രൈനെ വളഞ്ഞാക്രമിച്ച് റഷ്യ;

വെബ് ഡസ്ക് :-എന്തുണ്ടാകരുതെന്ന് ലോകം ആഗ്രഹിച്ചോ അത് തന്നെ സംഭവിച്ചു. കുരുതിക്കളമായി മാറിയിരിക്കുന്നു യുക്രൈൻ, റഷ്യ യുദ്ധം പ്രഖ്യാപിച്ച് 13 ആം മണിക്കൂറിൽ എത്തുമ്പോൾ നൂറിലധികം മരണം നടന്നതായാണ് വിവരം. മിസൈൽ വർഷം, കൂട്ടപലായനം അങ്ങിനെ പോകുന്നു മേഖലയിലെ സാധാരണക്കാരുടെ ദുരിതങ്ങൾ. ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ് യുക്രൈൻ. മലയാളികളടക്കം യുദ്ധമേഖലയിലുള്ളവർ ആശങ്കയിലാണ്. യുക്രൈനെ സഹായിക്കാൻ നാറ്റോ ഉണ്ടാകില്ലെന്ന നിലപാട് കൂടി പുറത്ത് വന്നു. വരും മണിക്കൂറുകളിൽ യുദ്ധമുണ്ടാക്കുന്ന പ്രതിഫലനം എന്താകുമെന്ന് നോക്കുകയാണ് ലോകം.യുക്രൈനിലേക്ക് കുതിച്ചുകയറിയ റഷ്യൻ സൈന്യം, തലസ്ഥാനമായ കീവിലേക്ക് എത്തിയെന്നാണ് വിവരം. ഇവിടെ വിമാനത്താവളത്തിൽ റഷ്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ വ്യോമാക്രമണം നടത്തി. സാധാരണക്കാരെ ആക്രമിക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും റഷ്യ വാക്കുപാലിച്ചില്ല. ജനവാസ കേന്ദ്രങ്ങളിലടക്കം മിസൈലാക്രമണത്തിൽ നൂറിലേറെ മരണം നടന്നതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.ഒഡേസ തുറമുഖത്ത് മാത്രം മരണം 18 ആയി. യുക്രൈന്റെ ഇന്റലിജൻസ് ആസ്ഥാനവും തകർത്തു. കര-നാവിക വ്യോമമാർഗങ്ങളെല്ലാം ആക്രമണത്തിനുപയോഗിക്കുകയാണ് പുടിൻ. യുക്രൈൻ തിരിച്ചടിക്കാൻ ശ്രമിക്കുന്നുണ്ട്. പൗരന്മാർക്ക് ആയുധം നൽകുമെന്നാണ് യുക്രൈൻ പ്രസിഡണ്ട് സെലെൻസ്കിയുടെ പ്രഖ്യാപനം.

സഖ്യമെന്ന നിലയ്ക്ക് റഷ്യക്കെതിരെ സൈനിക നടപടിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നാറ്റോ. യുക്രൈൻ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ. നാറ്റോ അംഗരാജ്യങ്ങൾക്ക് സ്വന്തം നിലയ്ക്ക് സഹായിക്കാമെന്ന് നാറ്റോ സെക്രട്ടറി ജനറൽ പറഞ്ഞു. സൈനിക നടപടി റഷ്യ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഉപരോധം കടുപ്പിക്കാനാണ് തീരുമാനം. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ അപലപിച്ച് അമേരിക്ക കൈകഴുകി. യുക്രൈന് സൈനിക സഹായം നൽകുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. ഈ വിവാദങ്ങളെല്ലാം നടക്കുന്നതിനിടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യയിലെത്തി പുടിനെ സന്ദർശിച്ചത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ അമ്പരപ്പിച്ചു. റഷ്യയുടേത് അധിനിവേശമായി കണക്കാക്കാനാവില്ലെന്നാണ് ചൈനയുടെ നിലപാട്.