ചെന്നൈ: തമിഴ്‌നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പിൽ അന്വേഷണം കടുപ്പിച്ചു തമിഴ്നാട് പോലീസ്,

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലെ വരികളാണ് ചര്‍ച്ചയാകുന്നത്. അമ്മയുടെ ഗര്‍ഭപാത്രവും കുഴിമാടവും മാത്രമാണ് രണ്ടു സുരക്ഷിതമായ സ്ഥലങ്ങള്‍ എന്ന ആത്മഹത്യാ കുറിപ്പിലെ വരികളാണ് ആ പെൺകുട്ടി അനുഭവിച്ച പീഡനങ്ങളെ തുറന്നുകാണിക്കുന്നത്,

ചെന്നൈ പൂനമല്ലി മേഖലയിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച്‌ പെണ്‍കുട്ടി ജീവനൊടുക്കിയത്. ഏകാന്തത തന്നെ വേട്ടയാടുന്നതായും വേട്ടക്കാരുമായി പോരാട്ടം നടത്തേണ്ട സ്ഥിതിയാണെന്നും കത്തില്‍ പറയുന്നു. സ്‌കൂളും ബന്ധങ്ങളും സുരക്ഷിതമല്ലെന്നും കത്തില്‍ പെണ്‍കുട്ടി ചൂണ്ടിക്കാണിക്കുന്നു.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. അമ്മ പുറത്തുപോയ സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.

ഒന്‍പതാം ക്ലാസ് വരെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. സ്വകാര്യ സ്‌കൂളിലെ ടീച്ചറിന്റെ മകന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. വീട്ടുകാരുടെ ആരോപണവും ഗൗരവത്തിലെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply