മതത്തിന്റെ മറവിൽ ഹിന്ദുത്വവാദികൾ കൊള്ളയടിക്കുന്നു’ എന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്, അന്വേഷണം പ്രഖ്യാപിച്ചു യോഗി സർക്കാർ;


ലക്നൗ: ബി.ജെ.പി നേതാക്കളും ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളും അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപമുള്ള ഭൂമി വാങ്ങിക്കൂട്ടുന്നുവെന്ന എന്ന പരാതിയിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ റവന്യു വകുപ്പിന് നിർദേശം നൽകിയത്. രാമക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി ബിജെപി നേതാക്കളും സർക്കാരിലെ പ്രമുഖരും ബിനാമികളുടെ പേരിൽ വാങ്ങിക്കൂട്ടുന്നുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.

വിഷയത്തിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിയ്ക്ക് എതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ‘മതത്തിന്റെ മറവിൽ ഹിന്ദുത്വവാദികൾ കൊള്ളയടിക്കുന്നു’ എന്നാണ് ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് നാളുകളായി ഹിന്ദുത്വ എന്ന വാക്കുപയോഗിച്ചാണ് രാഹുൽ ബി.ജെ.പിയെ നേരിട്ടിരുന്നത്.

‘ഹിന്ദു സത്യത്തിന്റെ പാതയാണ് പിന്തുടരുന്നത്. ഹിന്ദുത്വവാദികൾ മതത്തിന്റെ മറവിൽ കൊള്ളയടിക്കുന്നു എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. രാമ ക്ഷേത്രം പണിയാനുള്ള തടസ്സങ്ങൾ നീങ്ങിയതോടെ എം.എൽ.എമാരും, മേയർ, ഡി.ഐ.ജി, കമ്മീഷണർമാരുടെ ബന്ധുക്കളും അയോധ്യയിൽ ഭൂമി വാങ്ങിക്കൂട്ടുന്നതായുള്ള വാർത്തയോടൊപ്പമായിരുന്നു രാഹുലിന്റെ ട്വീറ്റ്.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും വിഷയം രാജ്യസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചിരുന്നു. അയോധ്യയിൽ നടക്കുന്നത് ഭൂമി കുംഭകോണമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ആരോപിച്ചു. അയോധ്യ നഗരത്തിൽ കൊള്ള നടത്തിയാണ് ബി.ജെ.പി നേതാക്കളും ബന്ധുക്കളും ഭൂമി സ്വന്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പ്രിയപ്പെട്ട മോദിജി, എപ്പോഴാണ് താങ്കൾ ഈ പകൽക്കൊള്ളയെ കുറിച്ച് വാതുറക്കുക. കോൺഗ്രസും ഈ രാജ്യത്തെ ജനങ്ങളും രാമ ഭക്തരുമെല്ലാം ഈ ചോദ്യം ഉന്നയിക്കുകയാണ്.’- സുർജേവാല ചോദിച്ചു

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top