ന്യൂഡൽഹി: വാക്സിൻ ക്ഷാമത്തിനൊപ്പം ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന്റെ ലഭ്യതക്കുറവും ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിനുണ്ടായ പരാജയമാണെന്ന് കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ഇന്ത്യയിൽ മാത്രം ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയും രാഹുൽ പ്രകടിപ്പിച്ചു. വാക്സിൻ ക്ഷാമത്തിനും കോവിഡ് മരണനിരക്ക് ഉയരുന്നതിലും രാജ്യത്തിന്റെ സാമ്പത്തികവളർച്ചാനിരക്ക് കുറയുന്നതിലും സർക്കാരിനാണ് ഉത്തരവാദിത്വമെന്നും രാഹുൽ സൂചിപ്പിച്ചു.കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനിടെ പ്രധാനമന്ത്രി ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും രാഹുൽ പരിഹസിച്ചു. മുതലകൾ നിർദോഷികളാണ്. കൊറോണവൈറസിനെ തുരത്താൻ ചെയ്ത പോലെ ബ്ലാക്ക് ഫംഗസിനെ അകറ്റാനും കൈകളും പാത്രങ്ങളും കൊട്ടാൻ മോദി താമസിയാതെ ആവശ്യപ്പെടുമെന്നും രാഹുൽ പരിഹസിച്ചു.ഇന്ത്യയുടെ സാമ്പത്തികവളർച്ച ഏറെ പിന്നാക്കാവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്ന, കേന്ദ്രസർക്കാരിന്റെ മുൻ സാമ്പത്തികോപദേഷ്ടാവ് കൗശിക് ബസു തയ്യാറാക്കിയ ചാർട്ടും രാഹുൽ ട്വിറ്ററിൽ പങ്കു വെച്ചു.
No Vaccines
— Rahul Gandhi (@RahulGandhi) May 22, 2021
Lowest GDP
Highest Covid deaths…
GOI’s response?
PMCries. pic.twitter.com/b8TbfwnrlI
മുതിർന്ന കോൺഗ്രസ് നേതാക്കളായ പി ചിദംബരവും ജയറാം രമേശും മോദിക്കെതിരെ വിമർശനവുമായി രാഹുലിനൊപ്പം ചേർന്നു. ഇന്ത്യക്കിപ്പോൾ മുതലക്കണ്ണീരല്ല വാക്സിനാണ് ആവശ്യമെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു.ഇന്ത്യയിലെ മന്ദഗതിയിലുള്ള വാക്സിൻ വിതരണം പരിണതഫലങ്ങൾ സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധിയും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുള്ള കാര്യം സർക്കാരിനെ ഓർമപ്പെടുത്തി പി ചിദംബരം ട്വീറ്റ് ചെയ്തു. രാജ്യത്ത് ഇതുവരെ നടന്ന വാക്സിൻ വിതരണത്തെ സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുറത്തു വിടാൻ ചിദംബരം സർക്കാരിനോട് ആവശ്യപ്പെട്ടു. വാക്സിനേഷൻ ത്വരിതപ്പെടുത്തിയില്ലെങ്കിൽ കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ രാജ്യത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.