നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ ഇനി നാറ്റോ _റഷ്യ യുദ്ധം’പുടിന്‍റെ മുന്നറിയിപ്പ്;

വെബ് ഡസ്ക് :-യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി അടക്കം നാറ്റോയോട് അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞിരുന്നു.

അത്തരമൊരു നീക്കം നടത്തിയാൽ അത് വൻയുദ്ധത്തിൽ കലാശിക്കുമെന്നാണ് അമേരിക്ക യുക്രൈൻ ആവശ്യം നിരസിച്ചുകൊണ്ട് പറഞ്ഞത്. ഏതെങ്കിലും നാറ്റോ രാജ്യം യുക്രൈന് മേൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ വെറുതെയിരിക്കില്ലെന്ന് പുടിൻ പ്രഖ്യാപിക്കുമ്പോൾ എല്ലാം മുന്നിൽ കണ്ട് കച്ച കെട്ടിയാണ് പുടിൻ മുന്നോട്ട് പോകുന്നതെന്ന് വ്യക്തം.

യുക്രൈന്‍റെ ആവശ്യം നാറ്റോ തള്ളിയതിനെത്തുടർന്ന് ശക്തമായ വിമർശനമാണ് സെലൻസ്കി അംഗരാജ്യങ്ങൾക്കെതിരെ ഉന്നയിച്ചത്. രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലൻസ്കി പറഞ്ഞു. എന്നാൽ നാറ്റോ – റഷ്യ ഏറ്റുമുട്ടലാണ് സെലൻസ്കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ മറുപടി നൽകിയത്.

അതേസമയം, റഷ്യയിൽ പട്ടാളനിയമം കൊണ്ടുവരാനുള്ള ഒരു ആലോചനയുമില്ലെന്നും പുടിൻ പ്രഖ്യാപിച്ചു. ദേശീയ ടെലിവിഷനായ റഷ്യൻ ടെലിവിഷനിൽ ഏയ്റോ ഫ്ലോട്ട് എന്ന റഷ്യൻ ഔദ്യോഗിക വിമാനക്കമ്പനിയുടെ ഫ്ലൈറ്റ് അറ്റൻഡന്‍റുമാരുമായി പുടിൻ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതിർത്തി പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ വിദേശരാജ്യങ്ങൾ പ്രകോപനമുണ്ടാക്കിയാൽ മാത്രമേ പട്ടാളനിയമം പ്രഖ്യാപിക്കൂ എന്നും അത്തരമൊരു സാഹചര്യം നിലവിലില്ല എന്നും പുടിൻ വ്യക്തമാക്കുന്നുണ്ട്.

പൗരനിയമങ്ങളെല്ലാം പിൻവലിക്കപ്പെട്ട് എല്ലാ ഭരണസംവിധാനങ്ങളും പട്ടാളത്തിന്‍റെ അധീനതയിലാകുന്ന സ്ഥിതിയാണ് പട്ടാളനിയമം പ്രഖ്യാപിച്ചാലുണ്ടാകുക. പുറത്ത് നിന്ന് ഏതെങ്കിലും പ്രകോപനമുണ്ടായാൽപ്പോലും ഉടനടി പട്ടാളനിയമം പ്രഖ്യാപിക്കാതെ തന്നെ കാര്യങ്ങൾ നിയന്ത്രിക്കാനാകുമെന്നും പുടിൻ വ്യക്തമാക്കുന്നു.

അതേസമയം, റഷ്യൻ ഔദ്യോഗികവിമാനസർവീസായ ഏയ്റോഫ്ലോട്ട് എല്ലാ അന്താരാഷ്ട്രവിമാനസർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. മാർച്ച് എട്ട് വരെ ബെലാറൂസിലേക്ക് മാത്രമേ വിമാനസർവീസുകളുണ്ടാകൂ എന്നും, ആഭ്യന്തരവിമാനസർവീസുകൾ തുടരുമെന്നും ഏയ്റോഫ്ലോട്ട് വ്യക്തമാക്കുന്നു. നിലവിൽ, യൂറോപ്യൻ യൂണിയൻ, അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങൾ റഷ്യൻ വിമാനങ്ങളെ സ്വന്തം രാജ്യങ്ങളിൽ നിന്ന് വിലക്കിയിരിക്കുകയാണ്. റഷ്യയിലേക്ക് ഈ രാജ്യങ്ങളുടെ വിമാനസർവീസുകളും വിലക്കിയാണ് റഷ്യ തിരിച്ചടിച്ചത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top