വെബ് ഡസ്ക് :-കരാറുകാരന്റെ മരണം വിവാദമായ സാഹചര്യത്തിൽ കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ രാജി വച്ചു. ശക്തമായ സമ്മർദങ്ങൾക്കൊടുവിലാണ് രാജി. രാജിക്കത്ത് നാളെ മുഖ്യമന്ത്രിക്ക് ബസവരാജ് ബൊമ്മയ്ക്ക് കൈമാറും.
മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ ഉടന്‍ നടപടിയില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകാതെ തീരുമാനമെടുക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. പ്രതിഷേധങ്ങള്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയെന്ന നിലപാടാണ് ഈശ്വരപ്പയും സ്വീകരിച്ചിരുന്നത്. എന്നാൽ, കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ ഈശ്വരപ്പ രാജി തീരുമാനത്തിലെത്തി.
സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയിട്ടും മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ ഉടന്‍ നടപടി വേണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ തീരുമാനം. മുതിര്‍ന്ന നേതാവിനെതിരെ കൃത്യമായ തെളിവുകള്‍ ഇല്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കേന്ദ്രനേതൃത്വത്തിന്‍റെ സമ്മര്‍ദ്ദമില്ലെന്നും പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകും വരെ നടപടിയുണ്ടാകില്ലെന്നുമാണ് മുഖ്യമന്ത്രി ബൊമ്മയ് വ്യക്തമാക്കിയത്.
കരാറുകാരന്‍ സന്തോഷിനെ അറിയില്ലെന്നാണ് മന്ത്രി ഈശ്വരപ്പ ആവര്‍ത്തിച്ചു പറഞ്ഞത്. എന്നാല്‍ ഈശ്വരപ്പയുമായി സന്തോഷ് കൂടിക്കാഴ്ച നടത്തിയതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നു. 4 കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു സന്തോഷിന്‍റെ വെളിപ്പെടുത്തല്‍. മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്. ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് ബിജെപി നേതാക്കള്‍ വഴി കേന്ദ്രമന്ത്രിയുടെ സമയം തേടിയിരുന്നു. ചൊവ്വാഴ്ച ദില്ലിക്ക് തിരിക്കാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹസാഹചര്യത്തില്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ സമയം തേടിയതിന് പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കുടുംബം വ്യക്തമാക്കി. ആത്മഹത്യയെന്നാണ് പൊലീസ് റിപ്പോര്‍ട്ടെങ്കിലും കൊലപാതകമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ആത്മഹത്യാപ്രേരണാ കുറ്റത്തിന് മന്ത്രിക്ക് എതിരെ കേസെടുത്തിരുന്നു. അടിയന്തര ഇടപെടല്‍ തേടി രാഷ്ട്രപതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. അറസ്റ്റ് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കാനാണ് തീരുമാനം.
സുതാര്യമായ അന്വേഷണം നടക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സന്തോഷിന്‍റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. വീട്ടുവളപ്പില്‍ സംസ്കരിച്ചു
You must log in to post a comment.