ലക്ഷദ്വീപിൽ നിരോധനാജ്ഞ, ജുമുഅ നിസ്‌കാരം ഉൾപ്പെടെയുള്ള ആരാധനകൾക്ക് താത്കാലിക വിലക്ക്, കടുത്ത കോവിഡ് നിയന്ത്രണങ്ങൾ;

വെബ് ഡസ്ക് :-കോവിഡ് മുൻനിർത്തി കടുത്ത നിയന്ത്രണങ്ങളുമായി വീണ്ടും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ. ദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് ദ്വീപിലെവിടെയും ജുമുഅ നിസ്‌കാരം അനുവദിച്ചില്ല. ടിപിആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികൾ കുറ്റപ്പെടുത്തി.ഒരു ഇടവേളയ്ക്കുശേഷമാണ് ദ്വീപിൽ വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇന്നലെ മുതൽ ദ്വീപിൽ പൂർണമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേരിലധികം പേർ കൂടുന്നതിന് വിലക്കുണ്ട്. അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും പ്രവൃത്തിനിയന്ത്രണമില്ല. പതിവുപോലെ തന്നെ ഇവയുടെ പ്രവർത്തനം തുടരും.എന്നാൽ, പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുന്നതിന് വലിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് പള്ളികളിൽ ജുമുഅ നിസ്‌കാരത്തിന് അനുമതിയുണ്ടായിരുന്നില്ല. കവരത്തി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പള്ളികളിൽ നിയന്ത്രണവിവരമറിയാതെ ജുമുഅയ്ക്ക് ആളുകളെത്തിയിരുന്നു. ഇവിടങ്ങളിൽ പൊലീസെത്തി പള്ളികളടപ്പിച്ചു. പൊലീസ് കാവലുമായി നിലയുറപ്പിച്ചതോടെ ജുമുഅ നിസ്‌കാരം തടസപ്പെട്ടു. ഇതോടെ ജനങ്ങൾ പ്രതിഷേധിച്ചാണ് പിരിഞ്ഞുപോയത്.
ഇടവേളയ്ക്കുശേഷം കൂട്ടപ്പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കഴിഞ്ഞ ദിവസം ദ്വീപ് ഭരണകൂടം കടന്നിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ കരാറടിസ്ഥാനത്തിൽ നിയമിച്ചിരുന്ന 21ഓളം ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതടക്കമുള്ള ഭരണകൂടനടപടികൾക്കെതിരെ വൻ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന ആക്ഷേപമാണ് ദ്വീപ് നിവാസികൾ ഉന്നയിക്കുന്നത്.നിലവിൽ ലക്ഷദ്വീപിൽ കോവിഡ് പോസിറ്റീവായി നാല് ആക്ടീവ് കേസുകൾ മാത്രമാണുള്ളത്. ടിപിആർ നിരക്ക് പൂജ്യവുമാണ്. ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല.



എന്നിരിക്കെയുള്ള കടുത്ത നിയന്ത്രണങ്ങൾ അഡ്മിനിസ്‌ട്രേഷൻ നടപടികൾക്കെതിരെയുള്ള പ്രതിഷേധം ഒഴിവാക്കാനാണെന്ന പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നത്. പ്രതിഷേധ പരിപാടികൾക്ക് അനുമതി ലഭിക്കാത്ത സാഹചര്യവുമുണ്ട്.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top