𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു;

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്രാനിരക്ക് വർധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാൻ സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. അനിശ്ചിതകാല സമരം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവെച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധനയടക്കമുള്ള ആവശ്യങ്ങൾ സർക്കാരിനെ അറിയിച്ച് ഒരുമാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായില്ലെന്നാരോപിച്ചാണ് ഉടമകള്‍ വീണ്ടും സമരപ്രഖ്യാപനം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ ടാക്സില്‍ ഇളവ് നല്‍കണം, അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം.

സർക്കാർ ഇത് പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഡിസംബര്‍ ആദ്യവാരം തന്നെ ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ പോലും അംഗീകരിച്ചതാണെന്നും വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.