𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

സ്വകാര്യ ബസുകള്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്;

ന്യൂസ്‌ ഡസ്ക് :- സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക് . ഈ മാസം 21 മുതല്‍ വീണ്ടും സമരം നടത്തുമെന്ന പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത് എത്തി. വാഗ്ദാനങ്ങള്‍ നല്‍കിയിട്ട് സര്‍ക്കാര്‍ അത് പാലിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി വ്യക്തമാക്കി.

കഴിഞ്ഞ മാസം എട്ട് മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് വേണ്ടി ഗതാഗത മന്ത്രി ഇടപെട്ട് സമവായ ചര്‍ച്ചകള്‍ നടത്തിയതോടെ ബസ് ഉടമകള്‍ സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു . 18-ാം തിയതിയ്ക്കുള്ളില്‍ ആവശ്യങ്ങള്‍ എല്ലാം പരിഗണിച്ച് പരിഹാരം ഉണ്ടാക്കാമെന്നാണ് മന്ത്രി വാഗ്ദാനം നല്‍കിയത്. എന്നാല്‍ വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകള്‍ ആരോപിച്ചു.

ചര്‍ച്ച നടന്ന് ഒരു മാസമായിട്ടും അനുകൂല തീരുമാനം വരാത്ത സാഹചര്യത്തിലാണ് വീണ്ടും അനിശ്ചിതകാല സമരം നടത്താന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചത്.

നിലവിലെ ഇന്ധന വില കണക്കിലെടുത്ത് ഇപ്പോള്‍ ഉള്ള നിരക്കില്‍ സ്വകാര്യ ബസുകള്‍ ഓടിക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. കൊറോണ കാലത്തെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കണം, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. വിഷയത്തില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് ഇനി പിന്നോട്ടില്ലെന്നും സംയുക്ത സമര സമിതി വ്യക്തമാക്കി.