ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൃഥ്വിരാജിന് മുഖ്യമന്ത്രി പിന്തുണ അർപ്പിച്ചു. പൃഥ്വിരാജിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തി പ്രചരണങ്ങളെ മുഖ്യമന്ത്രി വിമർശിച്ചു.

പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്. അത് ശരിയായ രീതിയിൽ പൃഥ്വിരാജ് പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങളിൽ പൃഥ്വിരാജിനെ പോലെ മുന്നോട്ടുവരാൻ എല്ലാവരും സന്നദ്ധരാകണം. എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാർ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരെയും അവർ അതേ അസഹിഷ്ണുത കാണിച്ചു. അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പിച്ചില്ല. അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് എക്കാലവും നിൽക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിലും വ്യക്തിഹത്യയിലും എതിർപ്പറിയിച്ച് സിനിമാരംഗത്തെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഒടുവിൽ ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപിയും പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തി. ലക്ഷദ്വീപ് വിഷയമോ പൃഥ്വിരാജിൻറെ പേരോ പരാമർശിക്കാതെയാണ് സുരേഷ് ഗോപിയുടെ അഭിപ്രായപ്രകടനം.

ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത് വിമർശിക്കുമ്പോൾ വ്യക്തിബന്ധങ്ങളെ ഒരിക്കലും വലിച്ചിഴയ്ക്കരുത് എന്ന് സുരേഷ്‌ഗോപി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.