presence of carbon dioxide outside the solar system; #JamesWebTelescop, #Space, Solar,
sponsored




വാഷിംഗ്ടണ്‍ :-സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തില്‍ (എക്സോപ്ലാനറ്റ് ) ആദ്യമായി അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് സാന്നിദ്ധ്യത്തിന്റെ വ്യക്തമായ തെളിവ് കണ്ടെത്തി നാസ.

sponsored

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഭൂമിയുള്‍പ്പെടുന്ന സൗരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചു​റ്റുന്ന ഗ്രഹത്തെയാണ് നാം ‘എക്‌സോ പ്ലാന​റ്റ് ” എന്ന് പറയുന്നത്. 5,000ത്തിലധികം എക്‌സോ പ്ലാന​റ്റുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍, വാസ്‌പ് – 39 ബി ( WASP- 39 b ) എന്ന വാതക ഭീമന്‍ ഗ്രഹത്തിലാണ് ജെയിംസ് വെബ് കാര്‍ബണ്‍ ഡൈഓക്സൈഡ് സാന്നിദ്ധ്യത്തിന്റെ തെളിവ് കണ്ടെത്തിയത്.

ഭൂമിയില്‍ നിന്ന് 700 പ്രകാശ വര്‍ഷം അകലെ സൂര്യനെ പോലെയുള്ള നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന വാസ്‌പ് – 39 ബി മനുഷ്യന് വാസയോഗ്യമല്ല. ജെയിംസ് വെബിന്റെ നിയര്‍ – ഇന്‍ഫ്രാറെഡ് സ്പെക്‌ട്രോഗ്രാഫ് ഉപയോഗിച്ചാണ് ഗവേഷകര്‍ വാസ്‌പ് – 39 ബിയുടെ അന്തരീക്ഷം നിരീക്ഷിച്ചത്. പഠനത്തിന്റെ വിശദവിവരങ്ങള്‍ ശാസ്ത്ര ജേര്‍ണലായ നേച്ചറില്‍ പ്രസിദ്ധീകരിക്കും. കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ സവിശേഷതകളില്‍ നിന്ന് ഒരു ഗ്രഹത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താനാകുമെന്നും വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഗ്രഹങ്ങളിലേക്ക് ഇത് വ്യാപിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. നേരത്തെ നാസയുടെ ഹബിള്‍, സ്‌പിറ്റ്‌സര്‍ ടെലിസ്കോപ്പുകള്‍ ഈ ഗ്രഹത്തില്‍ ജല ബാഷ്പം, സോഡിയം, പൊട്ടാസ്യം എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

2011ലാണ് വാസ്‌പ് – 39 ബിയെ കണ്ടെത്തിയത്. ശനിയ്ക്ക് സമാനവും വ്യാഴത്തിന്റെ നാലിലൊന്നുമാണ് വാസ്‌പ് – 39 ബിയുടെ ഭാരം. എന്നാല്‍, വ്യാഴത്തേക്കാള്‍ 1.3 മടങ്ങ് വ്യാസമുണ്ട് ഈ ഗ്രഹത്തിന്. മാതൃനക്ഷത്രത്തോട് വളരെ അടുത്ത് ഭ്രമണം ചെയ്യുന്നതിനാല്‍ നാല് ഭൗമദിനങ്ങള്‍ കൊണ്ടാണ് ഈ ഗ്രഹം ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഫ്രഞ്ച് ഗയാനയില്‍ നിന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍ 5 റോക്കറ്റിലാണ് ഹബിള്‍ ടെലിസ്കോപ്പിന്റെ പിന്‍ഗാമിയായ ജെയിംസ് വെബിനെ വിക്ഷേപിച്ചത്. നിലവില്‍ ഭൂമിയില്‍ നിന്ന് 932,​000 മൈല്‍ അകലെയുള്ള ജെയിംസ് വെബ് പകര്‍ത്തിയ വിദൂര പ്രപഞ്ചത്തിന്റെ ആദ്യ ഇന്‍ഫ്രാറെഡ് കളര്‍ച്ചിത്രങ്ങള്‍ ജൂലായില്‍ പുറത്തുവിട്ടിരുന്നു. ഭൂമിയില്‍ നിന്ന് 1,150 പ്രകാശവര്‍ഷം അകലെയുള്ള വാസ്‌പ് – 96 ബി ( WASP- 96 b ) എന്ന വാതക ഭീമന്‍ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ജല ബാഷ്പ അംശത്തിന്റെ സൂചനയുണ്ടെന്നും ജെയിംസ് വെബ് കണ്ടെത്തിയിരുന്നു. 1,300 കോടി വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള ഗാലക്സികളെയും നെബുലകളെയും വരെ ജെയിംസ് വെബിന് കാണാനാകും. ഉല്പത്തിയ്ക്ക് ശേഷം (ബിഗ് ബാംഗ് ) ഏകദേശം 1,380 കോടി വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് പ്രപഞ്ചം വികസിക്കാന്‍ തുടങ്ങിയതെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ പ്രപഞ്ചത്തിന്റെ ഉല്പത്തിയും അന്യഗ്രഹ ജീവനും ആദിമ ഗാലക്സികളും സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ജെയിംസ് വെബിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.




By Inews

Leave a Reply

%d bloggers like this: