𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ലക്ഷദ്വീപിൽ നടക്കുന്നത് പൗരാവകാശ ലംഘനം, അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം: വി ഡി സതീശൻ എംഎൽഎ.

കാസർഗോഡ്:-ലക്ഷദ്വീപിൽ നടക്കുന്നത് പൗരാവകാശ ലംഘനമാണെന്നും ജനങ്ങളുടെ സ്വൈരജീവിതം നഷ്ടപ്പെടുത്തിയ അഡ്മിനിസ്ട്രേറ്ററുടെ മുഴുവൻ നടപടികളും റദ്ദ് ചെയ്ത്, പദവിയിൽ നിന്ന് അദ്ദേഹത്തെ അടിയന്തിരമായി തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ ആവശ്യപ്പെട്ടു.

പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി – നെഹ്റു പഠനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ലക്ഷദ്വീപിലെ സാംസ്ക്കാരിക അധിനിവേശം എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്ക് രേഖപ്പെടുത്തുന്ന ലക്ഷദ്വീപിനെ കുറ്റവാളികളുടെ നാടാക്കി ചിത്രീകരിക്കാനുള്ള ഗൂഢനീക്കം നടക്കുകയാണ്. കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചതിനാൽ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ തല തിരിഞ്ഞ നയത്തിൻ്റെ ഭാഗമായി ഇന്ന് കോവിഡ് രോഗികൾ പെരുകി വരികയാണ്. അവരുടെ ഉപജീവന മാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും ദ്വീപിൽ സഞ്ചാരികൾക്ക് വേണ്ടി മദ്യ മൊഴുക്കുവാനും ലക്ഷ്യമിടുന്നതാണ് അഡ്മിനിസ്ട്രേറ്ററുടെ മിക്ക നയങ്ങളും. ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം ഇന്ത്യയിലെ ജനങ്ങൾ ഒന്നാകെ അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷദ്വീപിൽ നടക്കുന്നത് സാംസ്ക്കാരികമായ അധിനിവേശമാണെന്നും അവിടത്തെ ജനങ്ങളുടെ സ്വത്വബോധം നഷ്ടപ്പെടുത്തി, കച്ചവട – ഭൂമാഫിയ താല്പര്യക്കാർക്കായി ദ്വീപിനെ തീറെഴുതി തദ്ദേശീയരെ കുടി ഒഴിപ്പിക്കാനുള്ള നീക്കം നടക്കുന്നുവെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചരിത്രപരമായ പ്രത്യേകതകൾ ഏറെ ഉള്ള ഒരു പ്രദേശത്തെയും അവിടത്തെ ജീവിത രീതിയെയും സമാധാനത്തെയും നശിപ്പിക്കുവാനും ഭക്ഷണ ക്കാര്യത്തിൽ പോലും ഇടപെടുന്ന ഭരണകൂട ഭീകരതയെയും ജനങ്ങൾ മനസ്സിലാക്കി പ്രതികരിക്കണമെന്നും ദേശീയ ബോധം ഏറ്റവും കൂടുതലുള്ള ലക്ഷദ്വീപ് ജനതയ്ക്കൊപ്പം ചേർന്ന് സാംസ്കാരിക പ്രതിരോധം കൂടി തീർക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഫാസോ പ്രസിഡണ്ട് വിനോദ് എരവിൽ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സി ഭാസ്ക്കരൻ സ്വാഗതവും ട്രഷറർ എം ധനേഷ് കുമാർ നന്ദിയും പറഞ്ഞു.