𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

വിദ്യാർത്ഥിനിയുടെ മരണം; അധ്യാപകനെതിരേ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു;



കാസർഗോഡ് :-പ്രായപൂർത്തി ആകാത്തപെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരേ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു. സ്‌കൂള്‍ അധ്യാപകന്‍ ഉസ്മാനെ (25) തിരെയാണ് കേസെടുത്തത്. 174 സി ആര്‍ പി സി വകുപ്പിന് പുറമേ സെക്ഷന്‍ 12 റെഡ് വിത് 11(5) പോക്‌സോ ആക്റ്റ് 2012, കൂടാതെ സെക്ഷന്‍ 75 ജെ ജെ ആക്റ്റ് എന്നിവ ചേര്‍ത്താണ് പൊലീസ് അധ്യാപകനെതിരേ കേസെടുത്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം വഴി അധ്യാപകന്‍ ചാറ്റിംഗ് നടത്തുകയും പെണ്‍കുട്ടിയും ഇയാളും തമ്മില്‍ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അയക്കാറുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ് കോടതിക്ക് റിപോര്‍ട് നല്‍കിയിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ വിദഗ്ധന്‍റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിരന്തരമായി സമൂഹ്യമാധ്യമം വഴി ലെെംഗീകചുവയുള്ള ചാറ്റിലൂടെ തുടര്‍ച്ചയായി പിന്‍തുടര്‍ന്നുവെന്നാണ് പൊലീസ് റിപോര്‍ട്. അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ഥിനിക്ക് സംരക്ഷകനാകേണ്ട വ്യക്തിയില്‍ നിന്നും മനപ്പൂര്‍വമുണ്ടായ ചൂഷണമാണെന്നും ഇത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മാനസീകാഘാതമുണ്ടാക്കിയതായുമാണ് പോക്സോ കേസും ജെ ജെ ആക്റ്റും ചുമത്താന്‍ ഇടയാക്കിയിട്ടുള്ളത്.

അധ്യാപകന്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബാലാവകാശ കമീഷനും കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് ചീഫ്, ബേക്കല്‍ ഡി വൈ എസ് പി, മേല്‍പറമ്പ് പൊലീസ് ഹൗസ് ഓഫീസര്‍, ജില്ലാ ബാല സംരക്ഷണ ഓഫീസര്‍ എന്നിവരോട് ഒക്ടോബര്‍ നാലിനകം റിപോര്‍ട് നല്‍കാന്‍ കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.