വെബ് ഡസ്ക് :-ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം മാറ്റിയതിൽ പ്രതികരണവുമായി മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ സർക്കാർ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും രാഷ്ട്രീയ ലാഭം മാത്രമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിക്കതിരെ സർക്കാരിന് വേണമെങ്കിൽ അപ്പീൽ നൽകാമായിരുന്നു.

ഈ രീതി സർക്കാർ പിന്തുടർന്നാൽ പ്രതികരണം രൂക്ഷമാകുമെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
മുസ്ലീങ്ങൾക്ക് കിട്ടിവന്ന ആനുകൂല്യങ്ങൾ സർക്കാർ ഇല്ലാതാക്കി. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്യേക സ്‌കീമായിരുന്നു ഉചിതം. സച്ചാർ കമ്മീഷൻ റിപ്പോർട്ട് തന്നെ സർക്കാർ ഇല്ലാതാക്കി. മറ്റ് സംസ്ഥാനങ്ങളിൽ പിന്നാക്ക ന്യൂനപക്ഷങ്ങൾക്ക് കിട്ടുന്ന ആനുകൂല്യം കേരളത്തിൽ ഇല്ലാതായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാൻ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാ അടിസ്ഥാനത്തിൽ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും.

ക്രിസ്ത്യൻ 18.38%, മുസ്ലീം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. ന്യൂനപക്ഷ സമുദായങ്ങളിൽ അപേക്ഷകർ ഉള്ളപ്പോൾ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Leave a Reply