കോഴിക്കോട് : സമൂഹമാധ്യമങ്ങളിലെ “ചൂടന്‍’ ചര്‍ച്ചകള്‍ക്കു വഴി തുറക്കുന്ന സേവ് ദി ഡേറ്റിനെതിരേ വിമര്‍ശന മുന്നയിച്ച കേരള പോലീസിനു തിരിച്ചടിയായി ഔദ്യോഗിക യൂണിഫോമില്‍ എസ്ഐയുടെ ഫോട്ടോ ഷൂട്ട് !
കോഴിക്കോട് ജില്ലയിലെ പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐയാണ് ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. വിവാഹത്തിനു തൊട്ടു മുമ്പായാണ് സേവ് ദി ഡേറ്റ് ഫോട്ടോകള്‍ പുറത്തുവന്നത്.
സംഭവം പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ എത്തിയതോടെയാണ് ചര്‍ച്ചയായി മാറിയത്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്ഐയായിരിക്കെ ലഭിച്ച മെഡലും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്ഐ പ്രതിശ്രുത വരനുമായി ഫോട്ടോ ഷൂട്ട് നടത്തിയത്.
അതേസമയം, ഇതു ഡിജിപിയുടെ ഉത്തരവ് ലംഘിക്കും വിധത്തിലാണെന്നും യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നുമാണ് സേനയില്‍ നിന്നുയരുന്ന ആരോപണം. ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ സമൂഹമാധ്യമങ്ങളില്‍ പോലീസ് സേനാംഗങ്ങള്‍ വ്യക്തി പരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് 2015 ഡിസംബര്‍ 31ന് ഉത്തരവ് പുറത്തിറക്കിയിരുന്നു.
പോലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വ്യക്തിപരമായ അക്കൗണ്ടില്‍ ഔദ്യോഗിക മേല്‍വിലാസം, വേഷം തുടങ്ങിയവ ഉപയോഗിച്ചു ചെയ്യുന്ന നിയമവിരുദ്ധമായ യാതൊരു കാര്യങ്ങള്‍ക്കും ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
എസ്ഐയുടെ ഫോട്ടോ ഷൂട്ട് ഇതിനകം പലരും സമൂഹമാധ്യമങ്ങള്‍ വഴി പങ്കു വച്ചിട്ടുണ്ട്. അതിനാല്‍ ഇത് ഗുരുതര അച്ചടക്കലംഘനമായാണ് സേനാംഗങ്ങള്‍ കണക്കാക്കുന്നത്. കൂടാതെ പോലീസ് മാന്വലിലും യൂണിഫോം സംബന്ധിച്ചു വ്യക്തമാക്കിയിട്ടുണ്ട്.