ന്യൂഡൽഹി:-പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കോടതിയില്‍ ഉരുണ്ടുകളിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി രംഗത്തെത്തി. വിഷയത്തില്‍ അധിക സത്യവാങ്മൂലമില്ലെന്നും വിഷയം ദേശ സുരക്ഷയുമായി ബന്ധപ്പെട്ടതെന്നും പറഞ്ഞ് കേന്ദ്രം കൈകഴുകിയപ്പോള്‍ ദേശ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി തിരിച്ചടിച്ചു.
ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ സമര്‍പ്പിച്ച പന്ത്രണ്ട് പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ കേന്ദ്രത്തിനെതിരായ വിമര്‍ശനം.
പെഗാസസ് ഉപയോഗിച്ചുവോ എന്ന് പറയാനാകില്ല. ഇവ സത്യവാങ്മൂലം നല്‍കി ചര്‍ച്ചയാക്കാനില്ല എന്നും കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. എന്നാല്‍, വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ മറുപടി വേണമെന്നും പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന് വ്യക്തത വരുത്തണമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
