കോഴിക്കോട് :-വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നിലപാട് വ്യക്തമാക്കുന്നത്. ചര്‍ച്ചയുടെ തീരുമാനം എന്തായാലും നാളെയും മറ്റേനാളും കടകള്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറയുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രി സമീപനം മാറ്റി ചര്‍ച്ച ചെയ്യണം. വിരട്ടല്‍ വേണ്ടെന്നും ടി നസറുദ്ദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊവിഡ് പോവുമെങ്കില്‍ ശനിയും ഞായറും തിങ്കളും പൂട്ടാം. പക്ഷേ കൊവിഡ് പോവുന്നില്ലല്ലോ. കഴിഞ്ഞ നാല് മാസമായി കടകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. കടകള്‍ തുറക്കേണ്ടെന്ന് പറയുന്നത് വിദഗ്ദരുടെ നിര്‍ദേശമാണെന്നാണ് പറയുന്നത്. തങ്ങള്‍ പറയുന്നത് പ്രായോഗികതയാണ്. അന്‍പത് വര്‍ഷം കച്ചവടം ചെയ്ത ഞങ്ങള്‍ക്ക് ആളുകളുടെ മനസറിയാം.

ഇന്ന് മുതല്‍ കടകള്‍ തുറക്കാനുള്ള അനുമതി വേണം. മറ്റ് നിബന്ധകള്‍ ഒന്നും തന്നെ അംഗീകരിക്കില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ വ്യക്തമാക്കുന്നത്. കടകള്‍ തുറക്കുന്ന വിഷയം നേരത്തെ തന്നെ വിവാദമായിരുന്നു. നിയമം ലംഘിച്ച് കട തുറക്കാനാണ് നീക്കമെങ്കില്‍ നേരിടാന്‍ അറിയാമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് എതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നിര്‍ണായക യോഗത്തിന് തൊട്ട് മുന്‍പ് വ്യാപാരികളുടെ ഭാഗത്ത് നിന്നും പുറത്ത് വന്ന പ്രതികരണം ചര്‍ച്ചയുടെ ഫലത്തെ പോലും ബാധിച്ചേയ്ക്കും.

അതേസമയം, മുഖ്യമന്ത്രിയുമായി വ്യാപാരികള്‍ നിശ്ചയിച്ച ചര്‍ച വൈകുമെന്നാണ് പുറത്ത് വരുന്ന വിവരം. രാവിലെ പത്തിന് നിശ്ചയിച്ചിരുന്ന ചര്‍ച്ചയുടെ സമയം മാറ്റി. തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും, പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലും പിണറായി വിജയന്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് സമയം സംബന്ധിച്ച് അനിശ്ചിതത്വത്തിന് ഇടയാക്കിയത്. വൈകീട്ട് 3.30 ന് ചര്‍ച്ച നടക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് ചര്‍ച്ച.

%%footer%%