
കൊച്ചി: കടമക്കുടിയിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിന് കാരണം ഓൺലൈൻ ലോൺ കെണിയെന്ന് സംശയം. വലിയ കടമക്കുടി മാടശേരി വീട്ടിൽ നിജോ (39) ഭാര്യ ശില്പ (29) മക്കളായ എയ്ബൽ (ഏഴ്) ആരോൺ (നാല്) എന്നിവരാണ് മരിച്ചത്. മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നു.
മരിച്ച ശില്പ ഓൺലൈൻ വഴി ലോൺ എടുക്കുകയും പിന്നീട് ഇതിന്റെ തിരിച്ചടവ് മുടങ്ങുകയും ചെയ്തിരുന്നു. പിന്നാലെ ലോൺ മാഫിയ ഇവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ് ആപ്പ് വഴി അയച്ചുവെന്നും ഇക്കാര്യം കുടുംബം അറിഞ്ഞതിനാലുള്ള മാനഹാനി നിമിത്തമാണ് ജീവനൊടുക്കിയതെന്നുമാണ് പോലീസ് സംശയിക്കുന്നത്.
യുവതിയുടെ ഫോൺ വിശദമായി പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നാല് മൃതദേഹങ്ങളും ഇന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ദമ്പതികൾ താമസിച്ചിരുന്ന സ്ഥലത്ത് പോലീസ് ഇന്ന് വിശദമായ പരിശോധന നടത്തി. ഇവിടെ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
സഹോദരനും കുടുംബവും താമസിക്കുന്ന വീടിന്റെ മുകൾ നിലയിലാണ് നിജോയും ഭാര്യയും മക്കളും താമസിച്ചിരുന്നത്. രാവിലെ കുട്ടികളെ കാണാത്തതിനെ തുടർന്ന് നിജോയുടെ മാതാവ് വീടിന്റെ മുകൾ നിലയിൽ എത്തി അന്വേഷിക്കുകയും തുടർന്നു ജനലിലൂടെ നോക്കിയപ്പോഴാണ് നിജോയും ശില്പയും തൂങ്ങി നിൽക്കുന്നതായി കണ്ടത്.
തുടർന്ന് സഹോദരനും കുടുംബവും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടി തുറന്നതാണ് അകത്ത് പ്രവേശിച്ചത്. നിർമാണ തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ.
You must log in to post a comment.