ന്യൂഡൽഹി: 2024 ൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ രാജ്യത്ത് ഒറ്റ വോട്ടർപട്ടിക തയ്യാറാക്കാൻ പാർലമെന്റ് നിയമ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ. എല്ലാ തിരഞ്ഞെടുപ്പുകൾക്കുമായ് ഒറ്റ പട്ടിക തയ്യാറാക്കാനാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും. സംസ്ഥാനങ്ങളുടെ അവകാശം കവരുന്ന നിർദേശമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. അതിന്റെ അടുത്ത പടിയിലേക്ക് സർക്കാർ കടക്കുന്നു എന്നതാണ് ഒറ്റ വോട്ടർപട്ടിക തയ്യാറാക്കണമെന്ന ശുപാർശയിലൂടെ അനുമാനിക്കേണ്ടത്. നിലവിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനാണ് പാർലമെന്റ് തിരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമുള്ള വോട്ടർപട്ടികയുടെ ചുമതല. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടർപട്ടിക തയ്യാറാക്കി എല്ലാ തിരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തുക എന്നതാണ് പുതിയ ശുപാർശ മുമ്പോട്ട് വെക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ യോഗമായിരിക്കും ആദ്യം വിളിച്ചു ചേർക്കുക. ഒറ്റരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്നതിലേക്ക് സർക്കാർ നീങ്ങുകയാണോ എന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്. 2014ലെ ഒന്നാം മോദി സർക്കാർ ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം രാഷ്‌ട്രീയ കക്ഷികളുമായി ചർച്ച ചെയ്‌തെങ്കിലും സമവായമുണ്ടായില്ല. 2019ൽ രണ്ടാം തവണ അധികാരമേറ്റ ശേഷം ഈ വിഷയം മോദി വീണ്ടും ഉന്നയിച്ചിരുന്നു.
പ്രതിപക്ഷ ബഹളത്തിനിടെയാണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കിയത്. വോട്ടെടുപ്പ് വേണമെന്ന ആവശ്യം തള്ളിയാണ് ബില്ല് പാസ്സാക്കിയത്. വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോൾ രണ്ടു മിനിറ്റു കൊണ്ടാണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭ പാസാക്കിയത്. സ്വകാര്യതയ്ക്കുള്ള മൗലിക അവകാശത്തിൻറെ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ല് പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണെന്ന് വിശദീകരിച്ച മന്ത്രി കിരൺ റിജിജു, കൂടുതൽ ചർച്ച വേണം എന്ന ആവശ്യം തള്ളി. ചില പ്രത്യേക കാരണങ്ങളാൽ ആധാർ ഹാജരാക്കിയില്ലെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കാം എന്നും ബില്ല് പറയുന്നു-