വെബ്ഡസ്ക് :- കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് യു എ ഇയിലേക്ക് പോകാൻ ഇനി പി സി ആർ പരിശോധന ആവശ്യമില്ല. യു എ ഇയിൽ തുറസായ സ്ഥലങ്ങളിൽ ഇന്ന് മുതൽ മാസ്ക് ഒഴിവാക്കും. കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്ക് ഇനി ക്വാറന്റയിനും വേണ്ട.
കോവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകളാണ് ഇന്ന് മുതൽ യു എ ഇയിൽ നിലവിൽ വരുന്നത്. അംഗീകൃത കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് നാട്ടിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യാൻ ക്യൂആർ കോഡുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് മതി. വാക്സിൻ സ്വീകരിക്കാത്തവർ 48 മണിക്കൂറിനുള്ളിലെ പി സി ആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഒരുമാസത്തിനകം കോവിഡ് വന്ന് മാറിയവർക്ക് ക്യൂആർ കോഡുള്ള റിക്കവറി സർട്ടിഫിക്കറ്റ് മതി.
വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന റാപ്പിഡ് പി സി ആർ ടെസറ്റ് വേണ്ടെന്ന് വെച്ചതിന് പിന്നാലെയാണ് പി സി ആർ പരിശോധ കൂടി ഒഴിവാക്കുന്നത്. യു എ ഇയിൽ തുറസായ സ്ഥലങ്ങളിൽ ഇന്ന് മുതൽ മാസ്ക് നിർബന്ധമില്ല. പക്ഷെ, അടഞ്ഞ പൊതുസ്ഥലങ്ങളിൽ മാസ്ക് വേണം. കോവിഡ് പോസറ്റീവായാൽ ഐസോലേഷൻ ചട്ടങ്ങൾ പഴയപടി തുടരും. എന്നാൽ, രോഗബാധിതരെ നിരീക്ഷിക്കാൻ ഇനി വാച്ച് ഘടിപ്പിക്കില്ല. സമ്പർക്കമുണ്ടായവർക്ക് ക്വാറന്റയിനും വേണ്ട.
സാമ്പത്തികം, ടൂറിസം പരിപാടികളിൽ സാമൂഹിക അകലം ഒഴിവാക്കി. പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ പക്ഷെ, ഗ്രീൻപാസ് പ്രോട്ടോകോൾ തുടരും. പള്ളികളിൽ വിശുദ്ധഗ്രന്ഥങ്ങൾ തിരിച്ചെത്തും. പക്ഷെ, ഇവ ഓരോ തവണയും അണുവിമുക്തമാക്കണം. പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനും നമസ്കാരത്തിനുമുള്ള ഇടവേള പഴയ രീതിയിലേക്ക് മാറും. മാർച്ച് ഒന്ന് മുതലാണ് ഈ ഇളവുകൾ ആദ്യം പ്രഖ്യാപിച്ചത്. പക്ഷെ, പിന്നീട് ഇന്ന് മുതൽ ഇവ ബാധകമാക്കാൻ ദുരന്തനിവാരണ സമിതി തീരുമാനിച്ചു.
You must log in to post a comment.