വഖഫ് ബോർഡ്‌ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ;

ന്യൂസ്‌ ഡസ്ക് : വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുസ്ലീംലീഗിനെതിരെ പരോക്ഷമായ വിമര്‍ശനവുമായി കേരള ജംഇയ്യത്തുള്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാര്‍ രംഗത്ത്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ചിലര്‍ ഒച്ചപ്പാടുണ്ടാക്കുകയാണ്.
വഖഫ് നിയമനങ്ങളില്ല, വഖഫ് സ്വത്തുകള്‍ അന്യാധീനപ്പെടുന്നതിലാണ് ആശങ്കയെന്ന് കാന്തപുരം പറഞ്ഞു.
വഖഫ് സ്വത്തുക്കള്‍ കൈയ്യൂക്ക് ഉപയോഗിച്ച്‌ ആരും വകമാറ്റി ചിലവഴിക്കരുതെന്നും, അങ്ങനെയുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കണമെന്നും കാന്തപുരം പറഞ്ഞു. ഒരു വിഭാഗത്തിന് അതൊന്നും ഒരു പ്രശ്നമല്ലാതായി. കുറേ ഒച്ചപ്പാടുണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പം സൃഷ്ടിക്കുകയാണ്. ഇപ്പോള്‍ തന്നെ കുറച്ച്‌ ദിവസമായി വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ടാണ് വലിയ ഒച്ചപ്പാട്. യഥാര്‍ഥത്തില്‍ പി.എസ്.സി നിയമനം വരുമെന്ന് കേട്ടപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹത്തോട് ഞങ്ങളുടെ അവസ്ഥ വിവരിക്കുയും ചെയ്തിട്ടുണ്ട്.
പി.എസ്.സി വഴി നിയമനം കൊണ്ടുവരുകയോ, കൊണ്ടുവരാതിരിക്കുന്നതോ പ്രശ്നമല്ല. ഇവിടെ ഒരുപാട് തീരുമാനങ്ങളും പദ്ധതികളുമെല്ലാം കാറ്റില്‍ പറത്തപ്പെട്ടതുപോലെ മുസ്ലീം സമുദായത്തിന് കിട്ടാത്തപോലുള്ള അവസ്ഥ വരാന്‍ പാടില്ല. അതുവളരെ ശ്രദ്ധിച്ച്‌ ചെയ്യണം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട് കാന്തപുരം പറഞ്ഞു.
അതേ സമയം കോഴിക്കോട് നടന്ന മുസ്ലീം ലീഗിന്‍റെ വഖഫ് സംരക്ഷണ സമ്മേളനത്തിന് ശേഷം സര്‍ക്കാരും ലീഗും തുറന്ന പോരിലാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനിമെതിരെ വ്യക്തിപരമായി അധികേഷപങ്ങള്‍ നടത്തിയ ലീഗ് നേതാക്കള്‍ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി നേരിട്ട് തന്നെ ലീഗിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. മുസ്ലീം തീവ്രവാദികളുടെ നിലപാടുകള്‍ ലീഗ് ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെ പിണറായി തുറന്നടിച്ചു . ലീഗിലെ സമാധാനകാംക്ഷികളെ തീവ്രവാദത്തിന്‍റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുകയാണെന്നും ഇക്കാര്യം സാധാരണക്കാരയ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.

Leave a Reply