വെബ്ഡെസ്‌ക് :-തായംപൊയില്‍ സഫ്ദര്‍ ഹാഷ്മി ഗ്രന്ഥാലയം വനിതാവേദി സുഗതകുമാരിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ‘രാത്രിമഴ’ പുരസ്‌കാരങ്ങള്‍ക്ക് ലിന്‍സി വര്‍ക്കി, എം സുരജ്യ എന്നിവര്‍ അര്‍ഹരായി. വനിതാ ദിനത്തില്‍ സംഘടിപ്പിച്ച രാക്കൂട്ടം പെണ്‍കൂട്ടായ്മയില്‍ മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റും വനിതാവേദി പ്രവര്‍ത്തകയുമായ കെ കെ റിഷ്‌നയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
അടച്ചിരിപ്പുകാലത്തെ പെണ്‍ജീവിതം അടയാളപ്പെടുത്തുന്നതിനാണ് സഫ്ദര്‍ ഹാഷ്മി വനിതാവേദി സംസ്ഥാനതലത്തില്‍ കഥ, കവിത, അനുഭവം രചനാമത്സരങ്ങള്‍ പ്രഖ്യാപിച്ചത്. മൂവായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ലിന്‍സി വര്‍ക്കി (കെന്റ്, യുകെ)യുടെ അഡ്രിയാനയുടെ അടച്ചിരിപ്പുകാലമെന്ന കഥയാണ് കഥാവിഭാഗത്തിലെ രാത്രിമഴ പുരസ്‌കാരം നേടിയത്. ഇടുക്കി കട്ടപ്പന സ്വദേശിനിയാണ്.കവിതാവിഭാഗത്തില്‍ കോഴിക്കോട് സര്‍വകലാശാലയിലെ മലയാളം കേരള സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകയായ എം സുരജ്യയുടെ ‘വിഷാദം, മഞ്ഞ ചോര്‍ന്നുപോയ മഞ്ഞ പൂക്കള്‍’ പുരസ്‌കാരം നേടി. അനുഭവങ്ങളില്‍ നസ്രി നമ്പ്രത്തിന്റെ ‘ജന്മം മുഴുവന്‍ ലോക്ഡൗണിലായവര്‍’ എന്ന രചനക്കാണ് രാത്രിമഴ പുരസ്‌കാരം. കണ്ണൂര്‍ മുണ്ടേരിയില്‍ താമസിക്കുന്ന നസ്രി കണ്ണൂര്‍ ഫാത്തിമ ഹോസ്പിറ്റല്‍ ജീവനക്കാരിയാണ്.
എല്ലാ വിഭാഗത്തിലെയും തെരഞ്ഞെടുക്കപ്പെട്ട രചനകള്‍ ഉള്‍പ്പെടുത്തി പുസ്തകവും പുറത്തിറക്കും. മെയ് മാസം ചേരുന്ന വിപുലമായ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക.
എഴുത്തുകാരായ ഡോ.ടി പി വേണുഗോപാലന്‍, വി എച്ച് നിഷാദ്, കെ എം പ്രമോദ്, എന്‍ പി സന്ധ്യ, കെ വി സിന്ധു, മാധ്യമപ്രവര്‍ത്തക ജസ്‌ന ജയരാജ് എന്നിവര്‍ ഉള്‍പ്പെട്ട ജൂറി പാനലാണ് വിധി നിര്‍ണയം നടത്തിയത്.
കോവിഡ് കാലത്തെ കീഴ്‌മേല്‍ മറിഞ്ഞ ജീവിതത്തെ വരച്ചിടുന്നതാണ് മത്സരത്തിനെത്തിയ രചനകളെന്ന് ജൂറി പാനല്‍ വിലയിരുത്തി. അടച്ചിരുപ്പുകാലത്ത് മനുഷ്യര്‍ തമ്മിലെ ബന്ധങ്ങളിലുണ്ടായ മാറ്റം രചനകളില്‍ നിഴലിക്കുന്നു. ആയുസ് മുഴുവന്‍ ലോക്ഡൗണിന് സമാനമായ ജീവിതാവസ്ഥകള്‍ നേരിടുന്ന പെണ്ണിന്റെ ജീവിതചിത്രമാണ് രചനകളെന്നും ജൂറി വിലയിരുത്തുന്നു.