ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചു. 60ലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 32 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ന്യൂയോർക്കിലെ ബ്രോൺസ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 19 നിലകളുള്ള പാർപ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. അപ്പാർട്ട്മെന്‍റിലെ കിടപ്പുമുറിയിലെ ഇലക്ട്രിക് ഹീറ്റർ കേടുവന്നതിനെ തുടർന്നാണ് തീപടർന്നത്.അഗ്നിശമനസേനാ യൂനിറ്റുകൾ നടത്തിയ പരിശ്രമത്തിൽ ഉച്ചക്ക് ഒരു മണിയോടെ തീ നിയന്ത്രണത്തിലായി. പുക ശ്വസിച്ചതിനെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു.

ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ നിന്നുള്ള സാധാരണക്കാരായ കുടിയേറ്റക്കാർ താമസിക്കുന്ന കെട്ടിടമാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും എല്ലാ സഹായങ്ങളും നൽകുമെന്ന് അറിയിച്ച ന്യൂയോർക്ക് ഗവർണർ, നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.30 വർഷത്തിനിടെ ന്യൂയോർക്ക് നഗരത്തിലുണ്ടാകുന്ന വലിയ തീപിടിത്തമാണിത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസും അഗ്നിശമനസേനയും അറിയിച്ചു.

Leave a Reply