Speaker kerala, MB Rajesh,

സ്പീക്കറുടെ 25 പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളിൽ നാല് ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താതെ നിയമസഭാ സെക്രട്ടേറിയറ്റ്;

വെബ് ഡസ്ക് :- സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സനല്‍ സ്റ്റാഫുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെ കേരളാ നിയമസഭാ സ്പീക്കറുടെ പേഴ്‌സനല്‍ സ്റ്റാഫുകളുടെ വിശദാംശങ്ങളും പുറത്തുവരുന്നു. കേരളാ നിയമസഭാ സ്പീക്കര്‍ക്ക് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായിട്ടുള്ളത് 25 പേരാണ്. ഇതില്‍ 13 പേര്‍ ഗസറ്റഡ് റാങ്ക് പദവിയിലുള്ള ഉദ്യോഗസ്ഥരാണ്. 23,000 മുതല്‍ 1,63,400 രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ സ്പീക്കറുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ജോലി ചെയ്യുന്നുണ്ട്.

അതേസമയം, സ്പീക്കറുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ അംഗങ്ങളായിട്ടുള്ള നാല് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസ യോഗ്യത പുറത്തുവിടാന്‍ സ്പീക്കറുടെ ഓഫിസ് തയ്യാറായില്ല. ഇവരുടെ വിദ്യാഭ്യാസ യോഗ്യത ലഭ്യമല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ മറുപടി. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) സംസ്ഥാന സമിതി അംഗം അഡ്വ. എം കെ ഷറഫുദ്ദീനാണ് സ്പീക്കറുടെ ഓഫിസിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. സ്പീക്കറുടെ പ്രസ് സെക്രട്ടറി ഇ കെ മുഷ്താഖ്, പേഴ്‌സനല്‍ അസിസ്റ്റന്റ് കെ വി സുബ്രഹ്മണ്യന്‍, അഡീഷനല്‍ പേഴ്‌സനല്‍ അസിസ്റ്റന്റ് പി ഗിരിജാ ബായ്, അഡീഷനല്‍ പേഴ്‌സനല്‍ അസിസ്റ്റന്റ് എം കെ റിജു എന്നിവരുടെ വിദ്യാഭ്യാസ യോഗ്യതയാണ് ലഭ്യമല്ലെന്ന് സ്പീക്കറുടെ ഓഫിസ് മറുപടി നല്‍കിയത്.

Leave a Reply