ബിജെപിയുടെ വർഗീയതക്ക്‌ ബദൽ ഇടതുപക്ഷം മാത്രം_ മുഖ്യമന്ത്രി പിണറായിവിജയൻ;

വെബ് ഡസ്ക് :-രാഹുൽഗാന്ധി നടത്തിയ ഹിന്ദുത്വ പ്രീണനം മതനിരപേക്ഷത തകർക്കുന്നതാണെന്നും ബിജെപിയുടെ വർഗീയതക്ക്‌ ബദൽ ഇടതുപക്ഷം മാത്രമാണെന്നും പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. സിപിഐ എം 23–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ബിജെപിയുടെ വർഗീയ അജണ്ടകൾക്കും കുത്തക സ്വകാര്യ വത്‌കരണ നയങ്ങൾക്കും ബദലായി രാജ്യത്തെ കൊണ്ടുപോകുന്നതിന്‌ ആർക്ക്‌ കഴിയും എന്നതാണ്‌ ആലോചിക്കേണ്ടത്‌. ആ ബദൽ കാഴ്‌ച പാടുകൾക്ക്‌
അവരുടെ വർഗീയ പ്രത്യയശാസ്‌ത്ര നിലപാടുകളെ ശക്‌തമായി എതിർക്കാൻ കഴിയണം. അതിന്‌ മതനിരപേക്ഷം എന്നവകാശപ്പെടുന്ന കോൺഗ്രസിന്‌ കഴിയില്ലെന്ന്‌ അവർ വീണ്ടും തെളിയിച്ചിരിക്കയാണ്‌. കഴിഞ്ഞ ദിവസം കോൺഗ്രസ്‌ സംഘടിപ്പിച്ച റാലിയിൽ രാഹുൽഗാന്ധി നടത്തിയ മൃദുഹിന്ദുത്വ പ്രീണന നിലപാട്‌ അതാണ്‌ വ്യക്‌തമാക്കുന്നത്‌. വർഗീയതയോട്‌ വിട്ടുവിഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കോൺഗ്രസിന്‌ കഴിയുന്നില്ല. അതിന്റെ ഭാഗമായാണ്‌ വർഗീയ പ്രീണനം ഉറപ്പിച്ച്‌ പ്രഖ്യാപിക്കുന്ന നിലപാട്‌ ഇപ്പോഴുണ്ടായത്‌.

കോൺഗ്രസിൽ ജനങ്ങൾക്കും അണികൾക്കും വിശ്വാസം നഷ്‌ടമായി. കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ ബിജെപി പാളയത്തിൽ ചേക്കേറുകയാണ്‌. ബീഹാറിൽ മഹാസഖ്യം കോൺഗ്രസിന്‌ നൽകിയ സീറ്റുകളിൽ എല്ലാം അവർ പരാജയപെട്ടു. ജനം അവരെ വിശ്വസിക്കുന്നില്ല. ബിജെപിക്ക്‌ ബദലായി കോൺഗ്രസിനെ കാണാൻ പറ്റില്ല. സാമ്പത്തിക, ആഗോളവത്‌കരണ , സ്വകാര്യ വത്‌കരണ നയങ്ങളിലെല്ലാം കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്‌. അവിടെയാണ്‌ ബദൽ എന്ന നിലയിൽ ഇടതുപക്ഷത്തിന്റെ പ്രസക്‌തി.

ബിജെപിക്കെതിരെ മതനിരപേക്ഷതയുടെ ഭാഗത്ത്‌ ഉറച്ചു നിൽക്കുന്ന കക്ഷികളുമായുള്ള ബന്ധം അഖിലേന്ത്യാ തലത്തിൽ സ്വാഭാവികമായി ഉയർന്നുവരും. ആ വിശ്വാസ്യത ഇടതുപക്ഷത്തിൽ ജനങ്ങൾക്കുണ്ട്‌. ബിജെപിയെ പരാജയപെടുത്തുന്ന സഖ്യങ്ങളുണ്ടാക്കുക. ബിജെപിയെ അധികാരത്തിൽനിന്ന്‌ മാറ്റി നിത്തുക. ഒരു അവസരം കൂടി അവർക്ക്‌ ലഭിക്കുന്നത്‌ രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ദുർബല പ്പെടുത്തുന്നതാകും . അത്‌ ഒഴിവാക്കാൻ ബിജെപിയെ എതിക്കുന്ന ജനാധിപത്യ ശക്‌തികളുമായി ബദൽ സഖ്യമുണ്ടാക്കാൻ കഴിയണമെന്നും പിണറായി വിജയൻ പറഞ്ഞു.

സംസ്‌ഥാനത്ത്‌ എൽഡിഎഫ്‌ തുടർഭരണം നേടി വീണ്ടും അധികാരത്തിൽ വന്നിരിക്കുകയാണ്‌. അതിനാൽ ഏത്‌ തരത്തിലും സർക്കാരിന്‌ പ്രതിസന്ധികൾ സൃഷ്‌ടിക്കാനാണ്‌ കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഇവിടെ പ്രതിപക്ഷത്തുള്ള യുഡിഎഫും ശ്രമിക്കുന്നത്‌. യുഡിഎഫും ബിജെപിയും ജനവിരുദ്ധ നയങ്ങളുടെ വക്‌തക്കളാണ്‌. വർഗീയ ധ്രൂവികരണമുണ്ടാക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌. എല്ലാ പ്രശ്‌നത്തെയും വർഗീയയമായി വ്യാഖ്യാനിക്കാനാണ്‌ ഇവരുടെ ശ്രമം. ഇത്‌ നവമാധ്യമങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും. നവമാധ്യമങ്ങളിലെ പോസ്‌റ്റുകളും വർത്തമാനങ്ങളും വലിയ തോതിൽ വർഗീയത വളർത്താൻ ഉതകുന്നവയാണ്‌.

ഓരോ പ്രദേശത്തും സംഘപരിവാറും ഇസ്‌ലാമിക തീവ്രവാദി സംഘങ്ങളും പരസ്‌പരം ആക്രോശിക്കുന്ന ചിത്രങ്ങൾ പുറത്തുവരുകയാണ്‌. വർഗീയ സംഘർഷമുണ്ടാക്കുകയാണ്‌ രണ്ടുകൂട്ടരുടെയും താൽപര്യം. ഇവർ പരസ്‌പര പൂരകങ്ങളാണ്‌. രണ്ടുകൂട്ടരും പരസ്‌പരം സഹായിക്കുകയാണ്‌. നാടിന്റെ മതനിരപേക്ഷത തകർത്ത്‌ വർഗീയമായി ഭിന്നിപ്പിക്കണം. വർഗീയ ചേരിത്തിരിവുണ്ടാക്കണം. ജനങ്ങളിലാകെ വർഗീയ വികാരം ഉണ്ടാകണം. അതിനുള്ള ശ്രമമാണ്‌ നവമാധ്യമങ്ങളിൽ ഇരുവിഭാഗങ്ങളും ശ്രമിക്കുന്നത്‌.

യുഡിഎഫ് വർഗീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നു. ജമാ അത്തെ ഇസ്‌ലാമി അടക്കമുള്ളവരുമായി സഖ്യമുണ്ടാക്കുന്നു . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഈ സഖ്യം പരസ്യമായിരുന്നു. വഖഫ്‌ വിഷയത്തിൽ ലീഗ്‌ സ്വീകരിക്കുന്ന നിലപാടും റാലിയും എന്താണ്‌ സൂചിപ്പിക്കുന്നത്‌. മുസ്‌ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്‌ചപാടുകളും സ്വയം മുസ്‌ലിം ലീഗ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. തീവ്രവാദപരമായ നിലപാടുകളെ മതസംഘടനകളും സമാധാനകാംഷികളായ ആളുകളും തുറന്നുകാട്ടുന്നുണ്ട്‌. അവർക്കെതിരെ തീവ്രനിലപാടെടുക്കുന്ന സ്ഥിതിയാണ്‌ ലീഗിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്നത്‌. ആദരണീയരായ മതനേതാക്കളെ വരെ അപകീർത്തിപ്പെടുത്തി സംസാരിക്കുന്ന നില ലീഗിന്റെ ഭാഗത്ത്‌ നിന്നുവരുന്നു. ഇത്‌ മനസിലാക്കാൻ ലീഗിന്റെ സാധരണ പ്രവർത്തകർക്ക്‌ കഴിയണം.

ജനങ്ങളെയാകമാനം യോജിപ്പിച്ച്‌ വികസനത്തിന്റെ രാഷ്‌ട്രീയമാണ്‌ മുന്നോട്ട്‌ കൊണ്ടുപോകേണ്ടത്‌. നാട്‌ കൂടുതൽ വികസിക്കണം. അതിനുതകുന്ന സമീപനം സ്വീകരിക്കാനവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply