ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം വീട്ടിൽ നിന്നാരംഭം.ഇന്ന് ഡ്രൈഡേ ആചരിക്കും.

തിരു:-ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഡ്രൈഡേ ആചരിക്കും. രോഗത്തെക്കുറിച്ചും രോഗനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കൊതുക വളരാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കൂത്താടികളെ നശിപ്പിക്കും.
‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചും രോഗ നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക, അതുവഴി രോഗം പരമാവധി കുറച്ചു മരണം പൂര്‍ണമായി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.

വീടുകള്‍ ഉള്‍പ്പെടെയുള്ള എല്ലായിടത്തും ഡ്രൈഡേ ആചരിക്കും. ലോക്ക് ഡൗണ്‍ കാലയളവില്‍ ദീര്‍ഘനാള്‍ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളില്‍ കൊതുകുകള്‍ ധാരാളമായി മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കെട്ടിടത്തിനുള്ളിലും ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും കൊതുക് നിര്‍മാര്‍ജ്ജനം ഉറപ്പുവരുത്തുകയും ചെയ്യും. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുളള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കൂത്താടികളെ നശിപ്പിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും ആസൂത്രണം ചെയ്യും. വാര്‍ഡുതല ശുചിത്വ സമിതികള്‍ക്കാണ് ഇതില്‍ മുഖ്യമായ പങ്കുള്ളത്. കൊവിഡ് മഹാമാരിയെ ചെറുത്തു നില്‍ക്കാനുളള പ്രവര്‍ത്തനത്തിനിടയിലും പകര്‍ച്ചവ്യാധികള്‍ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും പ്രതിരോധിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

Leave a Reply