ബിഷപ്പിന്റെ വിവാദ പ്രസ്താവന സമൂഹത്തില്‍ വിള്ളലുണ്ടാക്കും; പി ടി തോമസ് എംഎല്‍എ

കോട്ടയം ▪️ കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസ്താവനക്കെതിരെ പി.ടി തോസമ് എം.എല്‍.എ. ബിഷപ്പിന്റെ പ്രസ്താവന സമൂഹത്തില്‍ അപകടകരമാം വിധം വിള്ളലുണ്ടാക്കുമെന്നും ദൗര്‍ഭാഗ്യകരമാണെന്നും പി.ടി തോമസ് പറഞ്ഞു.

മത സൗഹാര്‍ദത്തിന് കോട്ടമുണ്ടാക്കുന്നതും മത തീവ്രവാദത്തിന് ഇന്ധനം പകരുന്നതുമായ ഒരു നടപടിയും പൊതുപ്രവര്‍ത്തകരുടെയോ, സമുദായ നേതാക്കളുടെയോ, ഭരണാധികാരികളുടെയോ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. കേരളത്തില്‍ എക്കാലവും മതസൗഹാര്‍ദത്തിന്റെ പതാക വാഹകരായിരുന്നു കത്തോലിക്കാ സമൂഹം. ആ ധാരണയ്ക്ക് ചെറിയ തോതില്‍ കോട്ടമുണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നും പി.ടി തോമസ് വ്യക്തമാക്കി.

കേരളത്തിലെ നാനാജാതി മതസ്ഥര്‍ അവരവരുടെ വിശ്വാസ പ്രമാണങ്ങളില്‍ അടിയുറച്ചു നില്‍ക്കുമ്പോള്‍ തന്നെ തികഞ്ഞ മതേതര രാഷ്ട്രത്തിലാണ് ജീവിക്കുന്നതെന്ന ഉത്തമ ബോധ്യം ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യത എല്ലാ മതാധ്യക്ഷന്മാര്‍ക്കും മത നേതാക്കള്‍ക്കുമുണ്ട്. ഈ വസ്തുത വിസ്മരിച്ചാല്‍ കേരളത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. അതിനാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സംയമനത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃക സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top