കണ്ണൂര്‍: സംസ്ഥാനങ്ങളില്‍ ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ ആയുധങ്ങള്‍ പണവും പദവിയും ഇഡിയുമാണെന്ന് സിപിഐഎം നേതാവ് എംവി ജയരാജന്‍. 2021ല്‍ പുതുച്ചേരിയില്‍ ബിജെപിക്ക് ഒറ്റ എംഎല്‍എ പോലും ഉണ്ടായില്ല. കോണ്‍ഗ്രസ് ഭരണത്തെ താഴെയിറക്കാന്‍ ബിജെപിയുടെ കയ്യിലുണ്ടായിരുന്നത് പണം മാത്രമായിരുന്നു. അവിടെയും ബിജെപിയുടെ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തിയെന്ന് എംവി ജയരാജന്‍ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കൂറുമാറ്റ രാഷ്ട്രീയം റിസോര്‍ട്ട് രാഷ്ട്രീയമായി മാറി. തുടക്കം അരുണാചല്‍ പ്രദേശിലായിരുന്നു. അവിടെ 60 അംഗ നിയമസഭയില്‍ 42 പേര്‍ കോണ്‍ഗ്രസ്സുകാരായിരുന്നു എങ്കിലും ബിജെപി 41 പേരെയും വിലക്ക് വാങ്ങി ഭരണത്തിലെത്തി. 2017ല്‍ മണിപ്പൂര്‍ നിയമസഭയില്‍ ബിജെപിക്ക് 21 സീറ്റ് മാത്രം. കോണ്‍ഗ്രസ്സില്‍ നിന്ന് 9 എം.എല്‍.എ.മാരെയും സ്വതന്ത്രന്മാരെയും വിലക്ക് വാങ്ങിയാണ് 60 അംഗ നിയമസഭയില്‍ ഭൂരിപക്ഷമുണ്ടാക്കിയത്. 2017ല്‍ 40 അംഗ ഗോവന്‍ നിയമസഭയില്‍ 17 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ്സിന് സര്‍ക്കാരുണ്ടാക്കാനായില്ല. 13 അംഗങ്ങള്‍ മാത്രമുള്ള ബിജെപി കോണ്‍ഗ്രസ്സില്‍ നിന്നും എം.എല്‍.എ.മാരെ വിലക്ക് വാങ്ങി ഭരണത്തിലെത്തി

മഹാരാഷ്ട്രയില്‍ 2019ല്‍ 15 കോണ്‍ഗ്രസ് എംഎല്‍എമാരും 2 മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ.മാരും ബിജെപിയില്‍ ചേര്‍ന്നു. ഈ കൂറുമാറ്റത്തിന് കോടികളാണ് ബിജെപിക്ക് ചെലവായത്. ഇതേ മഹാരാഷ്ട്രയിലാണ് രണ്ടാം തവണ കൂറുമാറ്റത്തിന് അവര്‍ ഇപ്പോള്‍ നേതൃത്വം കൊടുക്കുന്നത്. ബിജെപിയോടൊപ്പം ചേര്‍ന്ന വിമത എംഎല്‍എമാര്‍ ഉന്നയിക്കുന്ന ഒരേയൊരു ആവശ്യം ഉദ്ദവ് താക്കറെ മതേതര നിലപാട് ഉപേക്ഷിക്കണമെന്നാണ്. 2021ല്‍ പുതുച്ചേരിയില്‍ ബിജെപിക്ക് ഒറ്റ എംഎല്‍എ പോലും ഉണ്ടായില്ല. കോണ്‍ഗ്രസ് ഭരണത്തെ താഴെയിറക്കാന്‍ ബിജെപിയുടെ കയ്യിലുണ്ടായിരുന്നത് പണം മാത്രമായിരുന്നു. അവിടെയും ബിജെപിയുടെ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് നാം കണ്ടു.

.പണവും പദവിയും ഇഡിയുമാണ് സംസ്ഥാനങ്ങളില്‍ ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ ആയുധങ്ങള്‍. മറ്റൊരു ഭാഗത്ത് മതത്തെ മുന്‍നിര്‍ത്തി വെറുപ്പ് വിതച്ച്, ജനങ്ങളെ വിഭജിച്ചുകൊണ്ട് ജനകീയ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു. ഉയര്‍ന്ന പൗരബോധമാര്‍ജ്ജിച്ചുകൊണ്ടുള്ള പോരാട്ടങ്ങളാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

%%footer%%