𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

മുസ്ലിം ലീഗിനോട് പിണറായി, നിങ്ങൾ മത സംഘടനയാണോ രാഷ്ട്രീയ പാർട്ടിയാണോയെന്ന് ആദ്യം തീരുമാനിക്ക് എന്നിട്ടാകാം ബാക്കി;

വെബ് ഡസ്ക് :-വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ മുസ്‍ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‍ലിം ലീഗിന്‍റെ ബോധ്യം ആര് പരിഗണിക്കുന്നു, ലീഗിന് എന്താണോ ചെയ്യാന്‍ ഉള്ളത് അതു ചെയ്തു കാണിക്ക്, ഞങ്ങള്‍ക്ക് അതൊരു പ്രശ്നമല്ല. നിങ്ങള്‍ ഇത്തരം വിതണ്ട വാദവുമായി മുന്നോട്ടുവന്നെന്നു പറഞ്ഞ് ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ നിന്ന് മാറുമെന്ന് ആരും കരുതണ്ട. സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്‍ പ്രതിനിധി സമ്മേനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പിണറായിയുടെ മറുപടി.
വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിച്ചത് വഖഫ് ബോർഡ് ആണ്. അത് സർക്കാർ അംഗീകരിച്ചെന്നും ആ ചര്‍ച്ചയില്‍ ലീഗ് നേതാക്കളും പങ്കെടുത്തിരുന്നതായും പിണറായി പറഞ്ഞു. ഇപ്പോള്‍ ഉള്ള ആളുകളുടെ ജോലി സംരക്ഷിക്കണം എന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം. ജിഫ്രി തങ്ങളോടും കാന്തപുരത്തോടും ചർച്ച നടത്തി. അവർക്ക് കാര്യം മനസ്സിലായി. ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. സർക്കാരിന് ഇക്കാര്യത്തിൽ ഒരു പിടിവാശിയും ഇല്ല. ഇപ്പോള്‍ എന്തായാലും നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ല. എല്ലാവരുമായും കൂടെയാലോചിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട്പോകൂ. മുഖ്യമന്ത്രി വിശദീകരിച്ചു
ഞങ്ങളുടെ കൂടെയും മുസ്‍ലിം വിഭാഗക്കാർ ഉണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത്‌ എൽ.ഡി.എഫിന് ഉണ്ടായ വളർച്ച നോക്കൂ, ആ വോട്ടിങ് പാറ്റേണ്‍ നോക്കിയാല്‍ മനസിലാകില്ലേ…? ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി നിങ്ങൾ മത സംഘടനയാണോ രാഷ്ട്രീയ പാർട്ടിയാണോയെന്ന കാര്യത്തില്‍ ആദ്യം തീരുമാനിക്ക് എന്നിട്ടാകാം ബാക്കിയെന്നും തുറന്നടിച്ചു. മുസ്‍ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
വഖഫ് ബോര്‍ഡ് നിയമനം പി എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‍ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് വെച്ച് ഇന്നലെ വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിണറായി രൂക്ഷമായ ഭാഷയില്‍‌ സംഭവവുമായ ബന്ധപ്പെട്ട് മറുപടി നല്‍കിയത്