പാലക്കാട് :-മുകേഷിനെ വിളിച്ച പത്താം ക്ലാസുകാരനായ വിഷ്‌ണുവിന്‍റെ കൂട്ടുകാരന് സി പി എം ഫോൺ നൽകും. കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കാതെ വിവാദം അവസാനിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. വിഷ്‌ണു മുകേഷിനെ വിളിച്ചത് താൻ അറിഞ്ഞിരുന്നില്ലെന്ന് അച്ഛൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷ്‌ണു ബാലസംഘത്തിന്‍റെ സജീവ പ്രവർത്തകനാണ്. അച്ഛൻ സി ഐ ടി യുക്കാരനാണ്. പാർട്ടി കുടുംബത്തിൽ നിന്നു തന്നെയാണ് ഫോൺ വിളി മുകേഷിന് എത്തിയത് എന്നറിഞ്ഞതോടെ പ്രാദേശിക നേതൃത്വം ഇടപെട്ട് വിഷയം അവസാനിപ്പിക്കുകയായിരുന്നു.പാറപ്പുറം സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിൽ വിഷ്‌ണുവിനെ എത്തിച്ച് സി പി എം നേതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സുഹൃത്തിന്‍റെ പഠനസൗകര്യത്തിനായാണ് മുകേഷിനെ വിളിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സിനിമാ നടന്‍ കൂടിയായതിനാല്‍ സഹായിക്കുമെന്ന് കരുതി. താന്‍ ആറുതവണ വിളിച്ചതുകൊണ്ടുകൂടിയാകും എം എൽ എയ്ക്ക് ദേഷ്യം വന്നത്. ആരായാലും ആറുതവണയൊക്കെ വിളിച്ചാൽ ദേഷ്യം വരുമെന്ന് വിഷ്‌ണു പറഞ്ഞു.മുകേഷ് വഴക്ക് പറഞ്ഞതിൽ വിഷമമില്ല. പരാതി നല്‍കേണ്ടയെന്നും പ്രശ്‌നങ്ങൾ അവസാനിച്ചെന്നും സമരമൊക്കെ നിർത്തണമെന്നും വിഷ്‌ണു പറഞ്ഞു. ഫോൺ റെക്കോഡ് ചെയ്‌തത് താൻ തന്നെയാണ്. സിനിമാ നടൻ കൂടിയായതിനാൽ തനിക്ക് സംസാരിച്ചത് ഓർത്തിരിക്കാമല്ലോയെന്ന് കരുതിയാണ് അത് ചെയ്‌തതെന്നും വിഷ്‌ണു വ്യക്തമാക്കി. ദുരുദ്ദേശത്തോടെയല്ല കുട്ടി മുകേഷിനെ വിളിച്ചതെന്ന് ഒറ്റപ്പാലം മുന്‍ എം എല്‍ എ, എ ഹംസയും പറഞ്ഞു.
ഇത്രയും തവണ വിളിച്ചാൽ ആർക്കായാലും ദേഷ്യം വരും മുകേഷിനെ വിളിച്ച വിഷ്‌ണു.
