𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

പിഎസ്ജിയിലെ മെസി അരങ്ങേറ്റം ഇന്ന്,

വെബ് ഡസ്ക് :-പാരിസ് സെൻ്റ് ജെർമനിൽ സൂപ്പർ താരം ലയണൽ മെസി ഇന്ന് അരങ്ങേറും. മെസിയും നെയ്മറും എംബാപ്പെയും റെയിംസിനെതിരായ മത്സരത്തിൻ്റെ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന. മൂവരും സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ സമയം അർദ്ധരാത്രി 12.15ന് റെയിംസിനെതിരെയാണ് പിഎസ്ജിയുടെ മത്സരം.

രണ്ടാഴ്ചക്ക് മുൻപാണ് മെസി പിഎസ്ജിയിലെത്തിയതെങ്കിലും മാച്ച് ഫിറ്റ് അല്ലാത്തതിനാൽ ഇതുവരെ കളത്തിൽ ഇറങ്ങിയിരുന്നില്ല. താരം ഇന്ന് കളിക്കുകയാണെങ്കിൽ ബാഴ്സലോണ അല്ലാത്ത ഒരു ക്ലബിനു വേണ്ടി മെസി ബൂട്ടണിയുന്ന ആദ്യ മത്സരമാവും ഇത്. മൂന്ന് മത്സരങ്ങളാണ് ഇതുവരെ ലീഗിൽ പിഎസ്ജി കളിച്ചത്. മൂന്നിലും വിജയിക്കാൻ അവർക്ക് സാധിച്ചു.

വളരെ നാടകീയമായാണ് മെസി ബാഴ്സലോണയിൽ നിന്ന് പിഎസ്ജിയിലെത്തിയത്. അഞ്ച് വർഷത്തെ കരാർ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി മെസി ഇനി ക്ലബിൽ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്. കരാർ അംഗീകരിച്ചതിനെ തുടർന്ന് അതിൽ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡൻ്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈൻ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നിൽ നിൽക്കവേയാണ് വേതനം കുറച്ച് മെസി കരാർ അംഗീകരിക്കുന്നത്. എന്നാൽ, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളിൽ കുടുങ്ങി മെസിയും ക്ലബും വേർപിരിയുകയായിരുന്നു. 12ആം വയസ്സിൽ ബാഴ്‌സലോണയുമായി കരാർ ഒപ്പിട്ട താരം 22 വർഷങ്ങൾ ക്ലബിൽ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങിയത്. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് വാർത്താകുറിപ്പിലൂടെ ബാഴ്‌സലോണ അറിയിച്ചത്.

പിഎസ്ജിയുമായി രണ്ട് വർഷത്തേക്കാണ് മെസിയുടെ കരാർ. പ്രതിവർഷം 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. മെസി 2023വരെയുള്ള പ്രാഥമിക കരാർ പിഎസ്ജിയിൽ ഒപ്പുവെച്ചു. അതിനു ശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. നെയ്മറിന്റെ സാന്നിദ്ധ്യമാണ് പിഎസ്ജിയിലേക്കുള്ള മെസ്സിയുടെ യാത്ര സുഗമമാകാൻ കാരണം. 30ആം നമ്പർ ജഴ്സിയാണ് മെസി ഫ്രഞ്ച് ക്ലബിൽ അണിയുക. 10ആം നമ്പർ ജഴ്സി വാഗ്ധാനം ചെയ്തിരുന്നെങ്കിലും അത് നിരസിച്ച മെസി 30ആം നമ്പർ തിരഞ്ഞെടുക്കുകയായിരുന്നു.